പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും പതിനെട്ടടവും പയറ്റിയിട്ടും ശബരിമല സ്ത്രീപ്രവേശനം വൈകാരികവിഷയമായി ആളിക്കത്തിച്ചിട്ടും കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനായില്ല. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെപ്പിച്ച് തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിച്ചിട്ടും വിജയിപ്പിക്കാനായില്ല.
ശബരിമല സ്ത്രീപ്രവേശന സമരത്തില്‍ ജയിലിലായ കെ. സുരേന്ദ്രന്‍ സഹതാപതരംഗം ഉയര്‍ത്തി പത്തനംതിട്ടയില്‍ മത്സരിച്ചിട്ടും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സൂപ്പര്‍സ്റ്റാര്‍ താരപരിവേഷവുമായി ‘തൃശൂര്‍ എടുക്കുകയാണെന്നു’ പറഞ്ഞെത്തിയ സുരേഷ്‌ഗോപി എം.പിക്കും നാണംകെട്ടപരാജയവുമായി മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ബംഗാളിലും തൃപുരയിലും മുന്നേറ്റമുണ്ടാക്കിയിട്ടും കേരളം ഇപ്പോഴും ബിജെപിക്ക് ബാലികേറാ മലയായി തുടരുകയാണ്. ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനാവാത്ത സംസ്ഥാനമായി ദക്ഷിണേന്ത്യയില്‍ കേരളം തല ഉയര്‍ത്തിയാണ് നില്‍ക്കുന്നത്.കേരളത്തില്‍ മൂന്നു സീറ്റുനേടുമെന്ന മോദിയുടെയും അമിത്ഷായുടെയും പ്രഖ്യാപനങ്ങളെല്ലാം തകര്‍ന്നടിഞ്ഞു.
പ്രധാനമന്ത്രി മോദിയും അമിത്ഷായും ശബരിമല വിഷയം കേരളത്തില്‍ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിയിട്ടും അത് വോട്ടാക്കി മാറ്റാന്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന് കഴിയാതെ പോയി. തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരും വിജയിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ബി.ജെ.പി പ്രസിഡന്റ് അമിത്ഷായെ അറിയിച്ചത്.
വന്‍തോതിലാണ് ഈ മണ്ഡലങ്ങളിലേക്ക് കേന്ദ്രത്തില്‍ നിന്നും ഫണ്ടെത്തിയത്. എന്നാല്‍ അത് പ്രവര്‍ത്തനത്തിനായി ചെലവഴിച്ചില്ലെന്നതാണ് അണികളുയര്‍ത്തുന്ന പരാതി. ശബരിമല വിഷയം ഗോള്‍ഡന്‍ ചാന്‍സാണെന്നു പറഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയാണ് ബി.ജെ.പിയുടെ വിജയസാധ്യതയെതന്നെ തുരങ്കംവെക്കുന്ന നീക്കം നടത്തിയത്.
സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ സംസ്ഥാന ബി.ജെ.പി നേതാക്കള്‍ തമ്മില്‍ തല്ലുകയായിരുന്നു. പത്തനംതിട്ടക്കും തൃശൂരിനും വേണ്ടി സംസ്ഥാന പ്രസിഡന്റുതന്നെ പിടിവലി നടത്തി. പത്തനംതിട്ടയോ തൃശൂരോ ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍ ഭീഷണിയും മുഴക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ മികച്ച പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബി. ഡി .ജെ .എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് സീറ്റ് നല്‍കി ഒതുക്കുകയും ചെയ്തു.
ബി.ജെ.പിയുടെ സകലവിജയ സാധ്യതകളും സംസ്ഥാന നേതാക്കള്‍ തമ്മിലടിച്ച് കളയുകയായിരുന്നു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വിജയിച്ചുവെന്ന തരത്തിലാണ് നേരത്തെ പ്രചരണം നടത്തിയത്. കുമ്മനത്തിനെതിരായ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം നടന്നിട്ടും അതിനെചെറുക്കാന്‍ ഹിന്ദു-ക്രിസ്ത്യന്‍വോട്ടുകള്‍ സമാഹരിക്കാനുള്ള ഒരു നീക്കവും ഉണ്ടായില്ല. പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ പരാജയപ്പെടണമെന്ന നിലയിലാണ് ഒരു വിഭാഗം പ്രവര്‍ത്തിച്ചത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളക്കെതിരെ മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം കടുത്തനിലപാടാണ് എടുത്തിരുന്നത്. ശബരിമല പ്രക്ഷോഭത്തെ പിന്നോട്ടടിപ്പിച്ചത് ശ്രീധരന്‍പിള്ളയാണെന്ന നിലപാടാണ് മുരളീധരപക്ഷം ഉയര്‍ത്തിയത്.ഒറ്റ പാര്‍ലമെന്റ് അംഗംപോലുമില്ലാത്ത കേരളത്തിന് ഒരു ഗവര്‍ണറെയും കേന്ദ്രമന്ത്രിയെയും മൂന്ന് എം.പിമാരെയുമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം നല്‍കിയിരുന്നത്.
അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയും സുരേഷ്‌ഗോപി, വി.മുരളീധരന്‍ എന്നിവരെ രാജ്യസഭാ എം.പിമാരാക്കിയും പ്രഫ. റിച്ചാര്‍ഡ് ഹേയെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി രാജ്യസഭയിലേക്കെത്തിക്കുകയും ചെയ്തിരുന്നു. ഗവര്‍ണറും കേന്ദ്രമന്ത്രിയും എം.പിമാരുമുണ്ടാകുന്നത് കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം നല്‍കുമെന്നായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രതീക്ഷിച്ചിരുന്നത്.
ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന്‍ മത്സരിച്ചാല്‍ തിരുവനന്തപുരത്ത് വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി ദേശീയ നേതൃത്വം. പത്തനംതിട്ടയില്‍ സുരേന്ദ്രനുവേണ്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തന്നെ റോഡ്‌ഷോ നടത്തി. കുമ്മനത്തിനും സുരേഷ്‌ഗോപിക്കും അല്‍ഫോണ്‍സ് കണ്ണന്താനത്തിനും വോട്ടുതേടി പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തി.
അധികാരവും പണവും പിന്തുണയും വാരിക്കോരി നല്‍കിയിട്ടും കേരളത്തില്‍ ഇത്തവണയും വിജയിക്കാനാവാത്തത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. മോഡിയുടെയും അമിത്ഷായുടെയും സ്വന്തംനാടായ ഗുജറാത്തിനേക്കാള്‍ കൂടുതല്‍ ആര്‍.എസ്.എസ് ശാഖയും സ്വയംസേവകരുമുള്ള നാടാണ് കേരളം.
കണ്ണൂരിലടക്കം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ കൊലപാതകത്തിനിരയാകുന്നത് ബി.ജെ.പി ദേശീയതലത്തില്‍ പ്രചരണായുധമാക്കിയിരുന്നു. കേരളത്തില്‍ ഹിന്ദു ഏകീകരണമെന്ന ലക്ഷ്യവുമായി ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭഗവത് കേരളത്തിലെത്തി മാതാ അമൃതാനന്ദമയി അടക്കമുള്ള ഹിന്ദു സന്യാസിമാരും സംഘടനകളുമായി ചര്‍ച്ച നടത്തി പിന്തുണയും ഉറപ്പിച്ചിരുന്നു. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെയും വിശ്വാസി സമൂഹത്തെയും ഒപ്പം നിര്‍ത്താനും നേതൃത്വത്തിന് കഴിഞ്ഞിരുന്നു.എന്നാല്‍ ഈ പിന്തുണ വോട്ടാക്കി മാറ്റുന്നതില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം സമ്പൂര്‍ണ്ണ പരാജയമായി മാറുകയാണ് ഉണ്ടായത്.
കേന്ദ്രത്തില്‍ ബി.ജെ.പിഭരണം വരുന്ന ആഹ്ലാദതിമര്‍പ്പിനിടയിലും കേരളത്തില്‍ നേരിട്ട പരാജയമാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന് കല്ലുകടിയാകുന്നത്. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള അടക്കമുള്ളവരെ മാറ്റികൊണ്ടുള്ള സംഘടനാപരമായ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണിപ്പോള്‍ ദേശീയ നേതൃത്വം.