പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു ഹരിഹരന്‍ (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ദര്‍ശനത്തിനു ശേഷം മലയിറങ്ങിയ ഇരുവരേയും പമ്പയില്‍നിന്ന് പത്തനംതിട്ടയിലേക്കും ഇവിടെനിന്നും രഹസ്യകേന്ദ്രത്തിലേക്കുമാണ് മാറ്റിയത്.
പത്തനംതിട്ടയില്‍നിന്നും അങ്കമാലിയിലെത്തിച്ച യുവതികള്‍ക്ക് വസ്ത്രംമാറാനും മറ്റും സൗകര്യം ഒരുക്കിയ ശേഷമാണ് പൊലീസ് കൊണ്ടുപോയത്. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് അറിയിച്ചിട്ടില്ല.
യുവതികള്‍ മലകയറിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ ഇവരുടെ വീടുകള്‍ക്കും പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.
ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തെത്തിയത്.
ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.