ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെ വീടിന് സുരക്ഷയൊരുക്കി പൊലീസ്

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കനകദുര്‍ഗയുടെ വീടിന് പൊലീസ് സുരക്ഷയൊരുക്കി. പെരിന്തല്‍മണ്ണ സിഐയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം വീടിന് സുരക്ഷയൊരുക്കിയത്.

ബിജെപിയുടെയും ആചാര സംരക്ഷണ സമതിയുടെയും നേതൃത്വത്തില്‍ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെയാണ് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. അതുകൊണ്ട് ഇരുവരുടെയും വീടിന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.

അതേസമയം ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തായത്.

ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

Top