sabarimala-labour strike-devaswam board move to supremcourt

പത്തനംതിട്ട :ശബരിമലയിലെ തൊഴില്‍ തര്‍ക്കത്തിന് ശാശ്വത പരിഹാരം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേയ്ക്ക്.

കഴിഞ്ഞ ഒരുമാസത്തിലേറെ നീണ്ട സമരം തീര്‍ത്ഥാടന ഒരുക്കങ്ങളെ ബാധിച്ചുവെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ഹൈക്കോടതി വിധിയെ മറികടന്ന് സന്നിധാനത്ത് യൂണിയന്‍ പ്രവര്‍ത്തനം നടത്താനുള്ള ശ്രമത്തിന് പിന്നില്‍ ആസൂത്രിത ശ്രമമുണ്ടോ എന്ന് സംശയിക്കുന്നതായും പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

ശബരിമലയില്‍ യൂണിയന്‍ പ്രവര്‍ത്തനം നിരോധിച്ച് 1997 ലും 2000 ത്തിലും ഹൈക്കോടതി വിധിയുണ്ട്. ഇത് മറികടന്നാണ് നിലവിലെ സമരം. ശബരിമലയെ മാത്രം കേന്ദ്രീകരിച്ചുള്ള വിവാദങ്ങള്‍ക്കും ഗൂഢ നീക്കങ്ങള്‍ക്കും പിന്നില്‍ ആസൂത്രിത ശ്രമമുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാകില്ല.

പമ്പയിലും സന്നിധാനത്തും 10 ദിവസമായി തുടര്‍ന്ന ട്രാക്ടര്‍ സമരം കഴിഞ്ഞദിവസമാണ് പത്തനംതിട്ട ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിഹരിച്ചത്.

എന്നാല്‍ കരാര്‍ ഉടമ്പടി നിലനില്‍ക്കുന്നതല്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കും. ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയാല്‍ വീണ്ടും സര്‍ക്കാരിനെതിരെയുള്ള ബോര്‍ഡിന്റെ നീക്കമെന്ന ആക്ഷേപമുയരുമെന്നും പ്രയാര്‍ പറഞ്ഞു.

കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലെ അന്തിമതീരുമാനത്തിനായി ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഈയാഴ്ച വിളിക്കുന്നതിനും പ്രസിഡന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top