ശബരിമല വിശാല ബെഞ്ച്; ജഡ്ജിക്ക് ആരോഗ്യ പ്രശ്‌നം, ചൊവ്വാഴ്ച്ച വാദം കേള്‍ക്കില്ല

ന്യൂഡല്‍ഹി: ശബരിമല ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച വിശാലബഞ്ചിലെ ഒരു ജഡ്ജിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ചൊവ്വാഴ്ച്ച വാദം നടക്കില്ല. വാദം മാറ്റി വച്ചകാര്യം സുപ്രീംകോടതി റജിസ്ട്രാര്‍ അറിയിച്ചു. പുതുക്കിയ കേസ് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച ഉച്ചയോടെ വിശാലബഞ്ച് വാദം കേള്‍ക്കുന്നത് നിര്‍ത്തിവച്ചിരുന്നു.

ബഞ്ചിലെ ഒരു അംഗത്തിന് ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ടതിനാലാണ് തിങ്കളാഴ്ചയും വാദം നിര്‍ത്തിയത്. തിങ്കളാഴ്ച രാവിലെ പതിനൊന്നര മണിയോടെ ജഡ്ജിക്ക് ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ടതിനാല്‍ വിശാല ബെഞ്ച് പത്ത് മിനിറ്റ് നേരത്തേക്ക് പിരിഞ്ഞെങ്കിലും പിന്നീട് നാളത്തേക്ക് മാറ്റുകയായിരുന്നു.
ശബരിമല വിശാലബഞ്ചില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി തുഷാര്‍മേത്തയുടെ വാദം തുടരാനിരിക്കുകയായിരുന്നു. ആചാരസംരക്ഷണം വേണം എന്ന വാദത്തിലൂന്നിയാണ് തുഷാര്‍ മേത്ത വാദമുഖങ്ങള്‍ നിരത്തിയത്.

ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് അവിടുത്തെ ആചാരങ്ങളുടെ ഭാഗമായാണെന്നും ഓരോ മതക്കാര്‍ക്കും വ്യത്യസ്ത ആചാരങ്ങളുണ്ടെന്നും കേന്ദ്രം വാദിച്ചു. കേന്ദ്ര സര്‍ക്കാരിന് ശേഷം മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരനാണ് വാദിക്കേണ്ടത്. മതാചാരങ്ങളില്‍ കോടതി ഇടപെടരുത് എന്ന് ആവശ്യപ്പെടുന്നവരുടെ വാദമാണ് ആദ്യം കോടതി കേള്‍ക്കുന്നത്.

Top