തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന്റെ നിലപാട് തന്നെയായിരിക്കും പാര്‍ട്ടിയുടെ നിലപാടെന്ന് കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള.
അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കില്ലെന്നും വനിതാ മതിലില്‍ പാര്‍ട്ടി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി എടുക്കുന്ന ഏത് തീരുമാനവുമായും സഹകരിക്കുമെന്നും എല്‍ഡിഎഫും കേരളാ കോണ്‍ഗ്രസും ഇനി രണ്ടല്ലെന്നും അതിനാല്‍ വനിതാമതിലില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് കക്ഷികളെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്താന്ത്രിക് ജനദാതള്‍ , കേരള കോണ്‍ഗ്രസ്(ബി) , ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്.
മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേര്‍ന്നിരുന്നു. ഇപ്പോഴത്തെ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ് ബിയെ ലയനമില്ലാതെ തന്നെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ സിപിഎമ്മിനും സിപിഐക്കും യോജിപ്പുണ്ടായിരുന്നു. വനിതാ മതിലിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച വിലയിരുത്തലും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തു.