പത്തനംതിട്ട: ഇന്ന് മകരവിളക്കും കണ്ട് ശബരിമല ദര്‍ശനപുണ്യത്തിന്റെ നിര്‍വൃതിയടയാനുള്ള തിരക്കിലാണ് സന്നിധാനവും പരിസരവും.
പരംപൊരുളായ മംഗളമൂര്‍ത്തി മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണ വിഭൂഷിതനാകുമ്പോള്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്ന ജ്യോതി കണ്ടുതൊഴാനായി കാത്തിരിക്കുകയാണ് ഓരോ അയ്യപ്പന്‍മാരും. ഉത്തരായണത്തിനു തുടക്കം കുറിച്ച് സൂര്യന്‍ ധനുരാശിയില്‍ നിന്നു മകരം രാശിയിലേക്കു മാറുന്ന സംക്രമ മുഹൂര്‍ത്തമായ 1.47ന് അയ്യപ്പ സ്വാമിക്ക് സംക്രമാഭിഷേകവും പൂജയും നടക്കും. ഉച്ചയ്ക്ക് 12ന് പൂജ തുടങ്ങും.
ആദ്യം 25 കലശാഭിഷേകത്തോടെ ഉച്ചപൂജ. തുടര്‍ന്നു മകരസംക്രമ പൂജ 1.30ന് ആരംഭിക്കും. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു പ്രത്യേക ദൂതന്‍ വശം കൊടുത്തുവിടുന്ന അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമ മുഹൂര്‍ത്തത്തില്‍ അഭിഷേകം ചെയ്യും. പന്തളം കൊട്ടാരത്തില്‍ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30ന് ദീപാരാധന നടക്കും.
മകരവിളക്ക് ഉത്സവങ്ങള്‍ക്ക് വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുന്നെതന്നെ സന്നിധാനത്തെത്തിയ അയ്യപ്പഭക്തന്മാര്‍ മലയിറങ്ങാതെ മകരജ്യോതി ദര്‍ശനത്തിന് കാത്ത് നില്‍ക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ യാതൊരു പേടിയും വേണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു.
ഒരു ലക്ഷത്തി പതിനായിരം പേരെ മാത്രമെ സന്നിധാനത്ത് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളു. ഇപ്പോള്‍തന്നെ ഏകദേശം ഒരു ലക്ഷത്തിനടുത്ത് അയ്യപ്പ ഭക്തര്‍ സന്നിധാനത്തേക്ക് നിലയുറപ്പിച്ചിട്ടുണ്ട്.
തിരക്ക് കൂടുന്ന ഘട്ടത്തില്‍ പമ്പയിലും നിലക്കലും വടശ്ശേരിക്കരയിലുമൊക്കെ ഭക്തന്മാരെ തടഞ്ഞ് നിര്‍ത്തും. അതോടൊപ്പം തന്നെ മകരജ്യോതി ദര്‍ശനത്തിന് ശേഷം മലയിറങ്ങുന്ന അയ്യപ്പ ഭക്തര്‍ തിരക്കില്‍പെട്ട് അപകടം ഉണ്ടാവാതിരിക്കാനുള്ള ഒരുക്കങ്ങളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ശബരിമലയിലും പരിസരങ്ങളിലും പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.