ശബരിമല മണ്ഡലപൂജ നാളെ; ഇതുവരെ വരുമാനം 222.98 കോടി

ബരിമലയിൽ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീർഥാടകർ എത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ അറിയിച്ചു. 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്.മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 222,98,70,250 രൂപയാണ് മൊത്തവരുമാനം. 70,10,81,986 രൂപ കാണിക്കയും.29,08,500 തീർഥാടകർ എത്തി. ഇതിൽ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവർഷത്തോളം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വർധിക്കാൻ കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

കുട്ടികൾക്കും അംഗപരിമിതർക്കും പ്രായമായർക്കും വേണ്ടി ഇക്കുറി ഏർപ്പെടുത്തിയ പ്രത്യേക ക്യൂ ഫലപ്രദമാണ്. പരമാവധി പരാതികുറച്ച് തീർഥാടനം ഇക്കുറി പൂർത്തിയാക്കാനായി. ഒരു ദിവസം മാത്രമാണ് ദർശനത്തിന് ആളുകൾക്ക് കൂടുതൽ നേരം നിൽക്കേണ്ടി വന്നതായി ആക്ഷേപമുയർന്നത്. ശബരിമലയിൽ തിരക്ക് സ്വഭാവികമാണ്. എന്നാൽ സാധാരണയിൽ കൂടുതൽ നേരം ഭക്തർക്ക് അയ്യപ്പദർശനത്തിന് കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായാൽ അതു പരിശോധിക്കുന്നതാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

നാല്പത്തി ഒന്ന് ദിവസത്തെ മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമലയിൽ നാളെ മണ്ഡലപൂജ നടക്കും.പുലർച്ചെ മൂന്നിന് നട തുറക്കും. തുടർന്ന് അഭിഷേകവും പതിവുപൂജയും നടക്കും. ഉച്ചക്ക് 12.30നും ഒരു മണിക്കും മധ്യേയുള്ള മുഹൂർത്തത്തിലാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക.മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചാൽ വൈകുന്നേരം വീണ്ടും നടതുറക്കും. അയ്യപ്പഭക്തർക്ക് മണ്ഡലപൂജ തൊഴുന്നതിനും തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന തൊഴുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോർഡും പോലീസും സംയുക്തമായി ഒരുക്കുന്നുണ്ട്. ഡിസംബർ 27ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് തുറക്കും. 2023 ജനുവരി 14ന് ആണ് മകരവിളക്ക്.

Top