ചെന്നൈ: ഓരോ ദിവസവും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഓരോ ദിവസവും തന്ത്രി ശുദ്ധി കര്‍മ്മങ്ങള്‍ നടത്തട്ടെ എന്നും മനിതി സംഘം. ധീര വനിതകളായ കനകദുര്‍ഗയെയും ബിന്ദുവിനെയും അഭിനന്ദിക്കുന്നു. അവരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നുവെന്നും മനിതി നേതാവ് ശെല്‍വി പറഞ്ഞു.
മനിതി എന്താണോ ചെയ്യാന്‍ ആഗ്രഹിച്ചത്, അത് പൂര്‍ത്തിയായി. ഇനി യുവതികള്‍ക്ക് തടസ്സമില്ലാതെ ശബരിമല കയറാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഇനി വരുന്ന യുവതികളെയും തടഞ്ഞാല്‍ മല കയറാന്‍ മനിതി സര്‍ക്കാരിന്റെ സുരക്ഷ ആവശ്യപ്പെടുമെന്നും ശെല്‍വി കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ യുവതികള്‍ കയറിയതിനെ തുടര്‍ന്ന് നട അടച്ചിരുന്നു. തുടര്‍ന്ന് സന്നിധാനത്തു നിന്നും തീര്‍ത്ഥാടകരെ മാറ്റുകയും ചെയ്തിരുന്നു. മേല്‍ശാന്തി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ശുദ്ധിക്രിയയ്ക്കു ശേഷം ശബരിമലനട തുറന്നു.
ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.