പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ റവന്യൂമന്ത്രി കെ രാജന്‍ ഇന്ന് പമ്പയിലെത്തും. നിലയ്ക്കലിലെയും പമ്പയിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മന്ത്രി വിലയിരുത്തും. മഴ തുടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ചര്‍ച്ചയാകും.
ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് പരമാവധി തടസങ്ങളില്ലാതെ സൗകര്യങ്ങളൊരുക്കുമെന്ന് റവന്യൂമന്ത്രി പറഞ്ഞു. നാളെയാണ് ശബരിമല നട തുറക്കുക. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും, പന്തളം കേന്ദ്രീകരിച്ച് എന്‍ഡിആര്‍എഫ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വൈകുന്നേരത്തോടെ രണ്ട് ടീമുകളെ കൂടി പമ്പയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിക്കും. ആറ് മണിക്ക് പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിരക്കല്‍ ചടങ്ങുകള്‍ നടക്കും.
വൃശ്ചികം ഒന്നായ നാളെ രാവിലെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനം. പ്രതിദിനം മുപ്പതിനായിരെ പേര്‍ക്കാണ് അനുമതി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മൂന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. ഈ ദിവസങ്ങളില്‍ പമ്പാസ്‌നാനം അനുവദിക്കില്ല. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് മലകയറ്റം. കാനന പാത അനുവദിക്കില്ല.