സ്ത്രീകളുടെ പ്രായം നോക്കുന്ന യന്ത്രമൊന്നും ആരുടെയും കൈയ്യില്‍ ഇല്ലെന്ന് എം എം മണി

mm mani

തൊടുപുഴ: ശബരിമലയില്‍ കയറിയ യുവതികളുടെ കണക്കില്‍ തെറ്റുണ്ടെങ്കില്‍ പുനപരിശോധിച്ചു നല്‍കുമെന്ന് മന്ത്രി എം എം മണി. സ്ത്രീകളുടെ പ്രായം നോക്കുന്ന യന്ത്രമൊന്നും ആരുടെയും കൈയ്യില്‍ ഇല്ലെന്നും എം എം മണി വ്യക്തമാക്കി.

അതേസമയം ശബരിമലയിലെത്തിയ യുവതികളുടെ പട്ടികയില്‍ സര്‍ക്കാര്‍ ആരുടേയും പേര് എഴുതി ചേര്‍ത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ഓണ്‍ ലൈന്‍ വഴി എത്തിയവരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത് എന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം എല്ലാ മതവിഭാഗങ്ങളെയും അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയില്‍ കളവ് പറഞ്ഞത് അക്ഷന്തവ്യമായ തെറ്റാണ്. ശബരിമലയില്‍ തുടക്കം മുതല്‍ തിരിച്ചടി നേരിട്ട സര്‍ക്കാര്‍ മതസ്പര്‍ദ്ധ വളര്‍ത്തി മുതലെടുപ്പിനുള്ള ശ്രമം നടത്തുകയാണെന്നും ചെന്നിത്തല കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതി വിധിക്ക് ശേഷം 50 വയസിന് താഴെയുള്ള 51 സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ലിസ്റ്റ് നല്‍കിയത്. പക്ഷേ ഈ സ്ത്രീകളുമായി മാധ്യമങ്ങള്‍ നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് അന്‍പത് വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടെന്നാണ് തെളിഞ്ഞത്. ആ നിലയക്ക് സുപ്രീംകോടതിയില്‍ എന്തിന് തെറ്റായ വിവരം നല്‍കി എന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കണമെന്നും ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.

Top