തിരുവനന്തപുരം: ശബരിമലയുടെ വികസനത്തിനായി ദേവസ്വം ബോര്‍ഡിന്റെ പുതിയ പദ്ധതി. 78 കോടി രൂപ ചിലവു വരുന്ന പദ്ധതി, ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ നിര്‍ദേശം അനുസരിച്ച്, ദേവസ്വം മരാമത്ത് വകുപ്പാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
സന്നിധാനത്തെ മലിനജലം ശുദ്ധീകരിച്ച്, ശൗച്യാലയങ്ങളില്‍ ഉപയോഗിയ്ക്കുന്ന പദ്ധതിയ്ക്കായി രണ്ടു കോടി രൂപയാണ് ചിലവ് പ്രതീക്ഷിയ്ക്കുന്നത്. ബെയ് ലി പാലത്തിനു സമീപത്തായി സ്ഥിരം തടയണകള്‍ നിര്‍മിച്ച്, മലിന ജലം ശുദ്ധീകരിയ്ക്കാനുള്ള പദ്ധതിയ്ക്ക് മൂന്നു കോടി രൂപയാണ് പദ്ധതി പ്രകാരമുള്ള ചിലവ്.
കൂടാതെ, പ്രതിദിനം അഞ്ചു ടണ്‍ ഉത്പാദന ശേഷിയുള്ള ബയോഗ്യസ് പ്ലാന്റ് സ്ഥാപിയ്ക്കാന്‍ മൂന്ന് കോടിയും, അപ്പവും അരവണയും പ്ലാന്റില്‍ നിന്ന് കൗണ്ടറുകളിലേയ്ക്ക് കൊണ്ടുപോകാനായി ബാറ്ററിയില്‍ പ്രവര്‍ത്തിയ്ക്കുന്ന അന്‍പതു വാഹനങ്ങള്‍ വാങ്ങാനായി, 2.5 കോടിരൂപയും ചിലവു വരും. ശബരിമലയിലേയ്ക്ക് കുടിവെള്ളമെത്തുന്ന കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടുന്നതിനുള്ള പദ്ധതികളും ദേവസ്വം ബോര്‍ഡ് ആലോചിയ്ക്കുന്നുണ്ട്.
സന്നിധാനത്തെ പ്ലാസ്റ്റിക് ശേഖരിച്ച് പമ്പയില്‍ എത്തിയ്ക്കുന്നതിനും മാലിന്യ നിര്‍മാര്‍ജന പ്ലാന്റിനുമായി പത്തു കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. കെട്ടിടങ്ങള്‍ക്കു മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനും പൊലീസ് ബാരക്കിനു സമീപം ശൌച്യാലയങ്ങള്‍ നിര്‍മിക്കുന്നതിനുമായി ഒന്‍പതു കോടി രൂപ വീതമുള്ള പദ്ധതിയുണ്ട്.
ശര്‍ക്കര ഗോഡൗണ്‍, ഭസ്മക്കുളം, വിവിധ റോഡുകള്‍ എന്നിവയുടെ പുനര്‍ നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെയ്‌ലി പാലത്തിനു മുകളിലൂടെ മറ്റൊരു പാലം നിര്‍മിയ്ക്കുന്ന കാര്യവും ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണ്.