പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ രണ്ട് ദിവസത്തിനകം ഉണ്ടാകാന്‍ സാധ്യത. നീലിമല വഴിയുള്ള യാത്ര, പമ്പാസ്‌നാനം എന്നിവ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരുന്നു. ഇളവുകള്‍ അനുവദിക്കുന്നിന് മുന്നോടിയായി റവന്യൂ പൊലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തും നിലിമലയിലും പരിശോധനകള്‍ നടത്തി.
നീലിമല പാത തുറക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ ഇതു നടപ്പാക്കാനാണ് ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിന്റെ തീരുമാനം.
വരും ദിവസങ്ങളില്‍ കൂടുതല്‍ ഭക്തര്‍ ശബരിമലയില്‍ എത്തുമെന്നാണ് ശബരിമല എ.ഡി.എം അര്‍ജ്ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെ വിലയിരുത്തല്‍. നീലിമല അപ്പാച്ചിമേട് പാതയിലൂടെ തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. നീലിമല പാതയില്‍ പോലീസിനെയും ഡോക്ടര്‍മാരെയും നിയോഗിക്കാനുള്ള ക്രമീകരണങ്ങള്‍ തയ്യാറായി. സന്നിധാനത്ത് വിരി വെക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാവുന്നതായി യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനടെുക്കേണ്ടത്. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ തന്നെ ഇതു നടപ്പാക്കും.
നീലിമല അപ്പാച്ചിമേട് പാത പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി. സന്നിധാനത്ത് പൊലീസിന്റെ നേതൃത്വത്തില്‍ ഓട്ടോമേറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സ്ഥാപിക്കും. തീര്‍ഥാടകര്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തും. കടകളില്‍ ജോലി ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ പരിശോധന പോലീസ് നടത്തും. ഭസ്മക്കുളത്തില്‍ വെള്ളം നിറയ്ക്കാനും വെള്ളം മലിനമാവുമ്പോള്‍ പരിശോധിച്ച് വീണ്ടും നിറയ്ക്കാനും സജ്ജമാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.