കൊച്ചി: വ്രതാനുഷ്ഠാനങ്ങളും ആചാരങ്ങളും ലംഘിച്ച് ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ അവസരം നല്‍കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളത്തെ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, കോട്ടയം എസ്.പി ഹരിശങ്കര്‍ എന്നിവര്‍ക്കെതിരെയും ഹര്‍ജി നല്‍കിയിട്ടുണ്ട്.
ജനുവരി രണ്ടിന് കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതികള്‍ ദര്‍ശനം നടത്തിയത് വ്രതാനുഷ്ഠാനങ്ങള്‍ തെറ്റിച്ചാണ്. ഇവര്‍ക്ക് ദര്‍ശനമൊരുക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മതവികാരങ്ങളെ അപമാനിക്കാനാണ് എതിര്‍കക്ഷികള്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ കുറ്റപ്പെടുത്തി.
അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവാഭരണ ഘോഷയാത്രയ്ക്ക് പൊലീസ് സംരക്ഷണം തേടി പന്തളം കൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയാണ് ഇതിലൊന്ന്. നിലവിലെ അവസ്ഥയില്‍ സന്നിധാനത്തേക്ക് തിരുവാഭരണം കൊണ്ടുപോകുമ്പോഴും തിരിച്ചെത്തിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.
തിരുവാഭരണം കൈവശപ്പെടുത്തുമെന്ന് ചില സംഘടനകള്‍ പ്രചരിപ്പിക്കുന്നുവെന്നും മകരവിളക്കിന് കൊണ്ടുപോകുമ്പോള്‍ തിരുവാഭരണം തട്ടിയെടുക്കുമെന്ന് ഭീഷണിയുണ്ടെന്നും പന്തളം കൊട്ടാരം പറഞ്ഞിരുന്നു. തിരുവാഭരണം കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുന്നത് വരെ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം പന്തളം കൊട്ടാരം അധികൃതര്‍ ആവശ്യപ്പെട്ടാല്‍ തിരുവാഭരണത്തിന് കൂടുതല്‍ സുരക്ഷ നല്‍കാന്‍ തയാറാണെന്നും ഇതുവരെ കൊട്ടാരത്തിന്റെ ഭാഗത്തു നിന്ന് ഇത്തരത്തില്‍ ഒരാവശ്യവും ഉണ്ടായിട്ടില്ലെന്നും
പത്തനംതിട്ട ജില്ലകളക്ടര്‍ പി.ബി.നൂഹ് വ്യക്തമാക്കിയിരുന്നു.
പമ്പയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി തേടി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിക്കുന്നുണ്ട്. തമിഴ്‌നാട് ബസുകള്‍ക്ക് പമ്പയ്ക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു.