കോട്ടയം: ശബരിമലയിലേക്ക് പോകാന്‍ പൊലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി നേതാവ് അമ്മിണി വീണ്ടും രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് കോട്ടയം എസ്പിയെ കാണുമെന്ന് അമ്മിണി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം എരുമേലിയില്‍ എത്തിയ ആദിവാസി നേതാവ് അമ്മിണി മടങ്ങി പോവുകയായിരുന്നു. ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് അമ്മിണി മടങ്ങാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞിരുന്നു.
ഞായറാഴ്ച രാവിലെ പൊന്‍കുന്നം പൊലീസ് സ്റ്റേഷനിലെത്തിയ അമ്മിണിയ്ക്ക് നിലയ്ക്കല്‍ വരെ സുരക്ഷ നല്‍കാമെന്ന് പൊലീസ് അറിയിച്ചിരുന്നു. അമ്മിണിയെ എരുമേലി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു.
അതേസമയം മലകയറാന്‍ രണ്ടു യുവതികള്‍ എത്തിയതിനു പിന്നാലെ മരക്കൂട്ടത്തിനു സമീപം പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരുക്കേറ്റു. ഉന്തിനും തള്ളിനുമിടെ ന്യൂസ് 18 ചാനല്‍ കാമറാമാനാണ് പരുക്കേറ്റത്. ഇയാളുടെ കൈ ഒടിഞ്ഞതായാണ് വിവരം.
മലകയറാനെത്തിയ യുവതികള്‍ക്കെതിരേ വന്‍ ഭക്തജന പ്രതിഷേധമാണ് രാവിലെ ഉണ്ടായത്. പ്രതിഷേധം മറികടന്ന് യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരുമായി പൊലീസ് മലയിറങ്ങി തുടങ്ങി. യുവതികളുടെ വിസമ്മതം വകവെക്കാതെ യുവതികളെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. തിരിച്ചിറങ്ങാന്‍ വിസമ്മതിച്ച ബിന്ദു നിലത്ത് കിടന്ന് പ്രതിഷേധിച്ചു. ആംബുലന്‍സിലാണ് ഇവരെ തിരിച്ചിറക്കിയത്.
ക്രമസമാധാന പ്രശ്‌നം കാരണമാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കനകദുര്‍ഗയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ലെന്നും പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയാണെന്നും ബിന്ദു പറഞ്ഞു. യുവതികളെ മരക്കൂട്ടത്തുനിന്ന് തിരിച്ചിറക്കിയത് ആംബുലന്‍സിലാണ്.