കോഴിക്കോട്: ശബരിമലയിലെത്തുന്നവരെ പൊലീസ് കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ ഒഴിവാക്കണമെന്നും നിരപരാധികളായ ഭക്തരെയും ജയിലില്‍ അടച്ചിരിക്കുകയാണെന്നും ശ്രീധരന് പിള്ള ആരോപിച്ചു.
ഇന്നലെ രാത്രി സന്നിധാനത്ത് നാമജപം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ചതുള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. അനന്തമായി ജയിലിലടയ്ക്കാന്‍ ഗൂഢാലോചന നടക്കുന്നു. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോ എന്ന് മുഖ്യമന്ത്രി ഭയക്കുന്നുവെന്നും കേസുകള്‍ നിയമപരമായി നേരിടുമെന്നും കെ.സുരേന്ദ്രന് വ്യക്തമാക്കി.