ശബരിമലയില്‍ ഇന്നും പകല്‍ നിയന്ത്രണം ; 11.30മുതല്‍ 2വരെ മല ചവിട്ടരുതെന്ന് പൊലീസ്

ശബരിമല: ശബരിമലയില്‍ ഇന്നും മല ചവിട്ടുന്നതിന് നിയന്ത്രണമെര്‍പ്പെടുത്തി. 11.30മുതല്‍ 2വരെ മല ചവിട്ടരുതെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം ഉച്ചഭാഷിണിയിലൂടെയാണ് പൊലീസ് അറിയിച്ചത്. നെയ്യഭിഷേകത്തിന്റെ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ അനുവദിച്ചിട്ടുള്ളു. ഇതോടെ പകല്‍ നിയന്ത്രണം ഉണ്ടാകില്ലെന്ന് ഡിജിപി ദേവസ്വം ബോര്‍ഡിന് നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം തിങ്കാഴ്ച പുലര്‍ച്ചെ ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 70 പേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു. ഇവരെ മണിയാര്‍ എആര്‍ ക്യാംപിലേക്ക് മാറ്റി ചോദ്യം ചെയ്തു വരികയാണ്. ഈ ക്യാംപിന് മുന്നിലും പ്രതിഷേധം നടക്കുകയാണ്. സ്ഥലത്ത് കനത്ത പൊലീസ് വിന്യാസമുണ്ട്. പാറശാല, നേമം, നെയ്യാറ്റിന്‍കര, ആലപ്പുഴ, ആറന്‍മുള പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.

പിടിയിലായവരെ രാവിലെ പത്തോടെ റാന്നി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് ചെയ്യുകയാണെങ്കില്‍ ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റും. ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടര്‍ന്നതോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്. നെയ്യഭിഷേകം നടത്തിയ ശേഷം അറസ്റ്റിന് വഴങ്ങാമെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുത്തെങ്കിലും ഇത് അംഗീകരിക്കാന്‍ പൊലീസ് തയാറായില്ല.

Top