ശബരിമലയില്‍ പ്രതിഷേധക്കാര്‍ക്ക് മാത്രമല്ല പൊലീസിനും ഉണ്ട്. പ്ലാന്‍ എയും ബിയും സിയും എല്ലാം.
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് പ്രതിഷേധകാര്‍ക്ക് മാത്രമല്ല പൊലീസ് സേനയ്ക്ക് മുന്നിലുള്ളതും വന്‍ കര്‍മ്മ പദ്ധതികളാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പൊലീസ് വകുപ്പിന് തന്നെയാണ് ഇതില്‍ പ്രാമുഖ്യം.
ഡിജിപി വിളിച്ച ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ അതാത് ഉദ്യോസ്ഥരുടെ നീക്കങ്ങള്‍ വളരെ വ്യക്തമായി ഡിജിപി വിശദീകരിക്കുകയും ചെയ്തു. ഡിവൈഎസ്പി മുതല്‍ എഡിജിപിമാര്‍ വരെ ഉന്നതതലയോഗത്തില്‍ പങ്കെടുത്തു. ചുമതലകള്‍ ശബരിമലയില്‍ എത്തുമ്പോള്‍ മാത്രം വിഭജിച്ച നല്‍കി ഏല്‍പ്പിക്കുകയെന്നതാണ് പ്ലാനിലുള്ള നിര്‍ണ്ണായക നീക്കം. ഇതിന്‍പ്രകാരമാണ് ഇപ്പോള്‍ സേനയെ വിന്യസിച്ചിരിക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും രഹസ്യത്തോടെ സര്‍ക്കാര്‍ ശബരിമലയില്‍ സുരക്ഷാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 6000 ത്തോളം പോലീസുകാര്‍ സന്നിധാനത്ത് മാത്രം പ്രത്യക്ഷത്തില്‍ ഡ്യൂട്ടി ചെയ്യുമ്പോള്‍ രഹസ്യപോലീസുകാരുടെ അംഗബലവും നിലയ്ക്കല്‍,പമ്പ,സന്നിധാനം തുടങ്ങിയ മേഖലകളില്‍ സജീവമായി നിലകൊള്ളും. മൊത്തത്തില്‍ 15,259 പൊലീസുകാരെയാണ് സുരക്ഷ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്. നാലു ഘട്ടങ്ങളിലുള്ള ഈ സീസണില്‍ ഐപിഎസുകാരായി മാത്രം 55 ഉദ്യോഗസ്ഥര്‍ സുരക്ഷ ചുമതലയിലുണ്ടാകും. 920 വനിതാ പൊലീസുകാരേയും പ്രത്യേക ഡ്യൂട്ടി നല്‍കി നിയോഗിച്ചിട്ടുണ്ട്.
കറുപ്പ് വസ്ത്രങ്ങളണിഞ്ഞ് ഭക്തര്‍ക്കിടയില്‍ പോലീസിന്റെ സജീവ സാന്നിധ്യം ഉണ്ടാകും. ഐജി മനോജ് എബ്രഹാമിനും തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയ്ക്കുമാണ് നിലയ്ക്കലിലെ ചുമതല. കൃത്യ നിര്‍വ്വഹണത്തില്‍ ഏറെ പ്രശംസ നേടിയ ഈ ഉദ്യോഗസ്ഥരുടെ കൈയ്യില്‍ തന്നെയാണ് നിലയ്ക്കല്‍ മുതല്‍ സുരക്ഷ ഏല്‍പ്പിച്ചതിലൂടെ മുഖ്യമന്ത്രി പോലീസ് വകുപ്പിന്റെ മറ്റൊരു പ്ലാന്‍ കൂടി തുറന്നു കാട്ടുന്നത്.
എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെയും കോട്ടയം എസ്പി ജയശങ്കര്‍ എന്നിവര്‍ക്കാണ് സന്നിധാനത്തിലെ മേല്‍നോട്ട ചുമതല. ഇവരും സര്‍ക്കാരിന്റെ ഗുഡ് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ. കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്രാ സംസ്ഥാനങ്ങളില്‍ നിന്നു ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ കൂട്ടത്തിലൂള്ള സംഘപരിവാറുകാരെ നിരീക്ഷിക്കാന്‍ മാത്രമായും പ്രത്യേക പൊലീസ് സംവിധാനം മുഴുവന്‍ സമയവും ശബരിമലയിലുണ്ടാകും. ഭക്തരുടെ ഇടയില്‍ ചെറു ടീമുകളായി തിരിഞ്ഞ് പ്രതിഷേധക്കൊടി ഉയര്‍ത്തുകയെന്ന സംഘപരിവാര്‍ നീക്കം മുന്നില്‍ കണ്ടാണ് പൊലീസിന്റെ ഈ നടപടി.
സന്നിധാനത്തേക്ക് പതിനായിരം പേരെ ഒരേ സമയം കടത്തിവിടാനാണ് തീരുമാനം. എന്നാല്‍ ഇത് പ്രായോഗികമായി നടപ്പിലാക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
നവമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ് പോലും ഇത്തവണ പൊലീസ് കണ്ണുകളില്‍ ഉടക്കും. ഒരു പരിധി വിട്ടാല്‍ ആവശ്യമെങ്കില്‍ അക്കൗണ്ട് തന്നെ പൂട്ടിക്കാനാണ് പൊലീസിന് ലഭിച്ച നിര്‍ദ്ദേശം. വിധി വന്നതിനുശേഷം രണ്ട് തവണ നട തുറന്നപ്പോള്‍ യുവതീ പ്രവേശന വിഷയത്തില്‍ നവമാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വിവാദ റിപ്പോര്‍ട്ടിങ്ങുകള്‍ ആണ് പൊലീസിനെ ഇത്തരമൊരു നീക്കത്തിലേക്കെത്തിച്ചത്.
തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ടവിശേഷത്തിനുമായി നടതുറന്നുപ്പോഴും നവമാധ്യമങ്ങളുടെ സാന്നിധ്യം മുന്‍പത്തേക്കാളും ഇവിടെയുണ്ടായിരുന്നു. ഇക്കാരണത്താലാണ് പൊലീസ് നവ മാധ്യമങ്ങള്‍ക്ക് മേല്‍ ഒരു കണ്ണ് വെക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.
ശനിയാഴ്ച്ച ശബരിമലയില്‍ എത്തുന്ന തൃപ്തിദേശായിക്ക് സുരക്ഷ ഒരുക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭക്തരുടെ വേഷത്തില്‍ ഇരുമുടിക്കെട്ടുമായി എത്തുന്ന പ്രതിഷേധക്കാര്‍ പ്രതികരിച്ചാല്‍ പൊലീസിന് സുരക്ഷ ഏര്‍പ്പെടുത്തേണ്ടി വരും. അഞ്ഞൂറിലധികം യുവതികളും ഇത്തവണ ദര്‍ശനത്തിനെത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു.
ഏതു സമയത്താണ് ഇവര്‍ വരുന്നതെന്നും പോലീസിന് നിലവില്‍ നിശ്ചയമില്ല. അതിനാല്‍ തന്നെ ഇരുപത്തിനാല് മണിക്കൂറും നിതാന്ത ജാഗ്രതയോടെ നീങ്ങാനാണ് സുരക്ഷാ ചുമതലകള്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം.
സംഘപരിവാര്‍ ആകട്ടെ ഒരു ഭാഗത്ത് പോലീസിന്റെ നീക്കങ്ങളില്‍ ആശയക്കുഴപ്പത്തിലാണ്. അറസ്റ്റ് ഉള്‍പ്പടെയുളളവ മുന്നില്‍ കണ്ട് വരുന്ന ഇവരുടെ നീക്കത്തെ നേരിടാന്‍ പൊലീസ് കൂടുതല്‍ തന്ത്രങ്ങളും അണിയറയില്‍ ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച ഏഴു ദിവസത്തെ നിരോധനാജ്ഞ നീട്ടുമെന്നാണ് ലഭിക്കുന്ന സൂചന. ജലപീരങ്കികള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ നിലയ്ക്കലില്‍ ഒരുക്കിയിട്ടുണ്ട്. ഈ മണ്ഡല മകരവിളക്ക് കാലത്ത് പൊലീസിനെ സംബന്ധിച്ച് നിര്‍ണ്ണായക ദിനങ്ങളാണ് ഇനി വരാന്‍ പോകുന്നത്.
റിപ്പോര്‍ട്ട് : കെ.ബി ശ്യാമപ്രസാദ്