ശബരിമലയില്‍ സ്ത്രീപ്രവേശനം; അഞ്ചു ദിവസത്തേയ്ക്കു കൂടി നിരോധനാജ്ഞ നീട്ടി

sabarimala

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. അഞ്ചു ദിവസത്തേയ്ക്കു കൂടിയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.

അതേസമയം, ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മനിതി എന്ന സംഘടനയുടെ പ്രവര്‍ത്തകരായ അമ്പതോളം യുവതികളടങ്ങുന്ന സംഘം ഞായറാഴ്ച കോട്ടയത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച വൈകുന്നേരമാണ് സംഘം തമിഴ്‌നാട്ടില്‍ നിന്നും യാത്രതിരിക്കുകയെന്ന് മനിതി കോ-ഓര്‍ഡിനേറ്റര്‍ സെല്‍വി അറിയിച്ചു. വിശ്വാസികളെ വിശ്വസികള്‍ തടയില്ലെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പൊലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചിരുന്നു. കോട്ടയത്ത് എത്തിയപ്പോള്‍ തന്നെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഇവരെ അറിയിച്ചിരുന്നു. നിലയ്ക്കല്‍ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയില്‍ ഇവരെ എരുമേലിയിലെത്തിച്ചത്.

സ്ത്രീയ്ക്ക് ഒപ്പം വന്ന 21 പേര്‍ നിലയ്ക്കലിലേക്ക് പോയി. ഇരുമുടിക്കെട്ടുമായാണ് യുവതി വന്നത്. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതി ദര്‍ശനത്തിനെത്തിയത്.

Top