ശബരിമല വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്നാല്‍, ആരൊക്കെ ശ്രമിച്ചാലും ഇത് വൈകാരിക പ്രശ്‌നമാക്കി മാറ്റാനാവില്ലെന്നും വിഷയത്തില്‍ സര്‍ക്കാര്‍ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളികളുടെ മതനിരപേക്ഷ മനസിനെ തകര്‍ക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

അതേസമയം സുപ്രീംകോടതി വിധിക്കെതിരെ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഏകദിന ഉപവാസ സമരം ആരംഭിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച സമരം വൈകുന്നേരം 6 മണി വരെ നടത്തുവാനാണ് തീരുമാനം. അയ്യപ്പധര്‍മ സംരക്ഷണസമിതി ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍, കൊട്ടാരം നിര്‍വാഹകസമിതി വൈസ് പ്രസിഡന്റ് രവിവര്‍മ തുടങ്ങിയവരും സമരത്തില്‍ പങ്കെടുക്കം.

പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവര്‍മയാണ് സമരം ഉദ്ഘാടനം ചെയ്തത്. അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങള്‍, തിരുവാഭരണവാഹക സ്വാമിമാര്‍, പല്ലക്ക് വാഹകസ്വാമിമാര്‍, പടക്കുറുപ്പുമാര്‍, നായാട്ടുവിള സ്വാമിമാര്‍, ഗുരുതിപൂജ സ്വാമിമാര്‍, ക്ഷേത്ര ഉപദേശകസമിതികള്‍, ക്ഷേത്രഭരണസമിതികള്‍, മുന്മേല്‍ശാന്തിമാര്‍, തന്ത്രിമാര്‍, അയ്യപ്പസേവാസമാജം, വിവിധ ഹിന്ദുസംഘടനകള്‍, സമുദായസംഘടനകള്‍, അയ്യപ്പഭക്തര്‍ എന്നിവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആയിരങ്ങളാണ് ശരണം വിളികളുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയിരിക്കുന്നത്.

Top