പ്രാര്‍ത്ഥനാ സമരവുമായി തന്ത്രി കുടുംബം; കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സമരവുമായി തന്ത്രി കുടുംബം. രാവിലെ ഒമ്പത് മണി മുതല്‍ പമ്പയില്‍ തന്ത്രി കുടുംബം പ്രാര്‍ത്ഥനാ സമരം നടത്തും. നാമജപ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും.

ശബരിമല സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സന്നിധാനത്ത് രാവിലെ 11 മണിക്ക് അവലോകന യോഗം ചേരും. വനിതാ ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേവസ്വം മന്ത്രി കടകപള്ളി സുരേന്ദ്രന്‍ സന്നിധാനത്ത് ഉണ്ട്. എന്നാല്‍, സന്നിധാനത്ത് അവലോകന യോഗം വെച്ചത് ശരിയായില്ലെന്ന് പറഞ്ഞ് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ശബരിമലയില്‍ ആര്‍ക്കും പോകാമെന്നും ആരെയും തടയാന്‍ അനുവദിക്കില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സഞ്ചാര സ്വാതന്ത്രം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. കഴിഞ്ഞ ദിവസം ഉണ്ടായത് അപ്രതീക്ഷിത സംഭവങ്ങളെന്നും ഡിജിപി അറിയിച്ചു.

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. ഇന്ന് പൂജകള്‍ ഉണ്ടാവില്ല. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. തുലാമാസം ഒന്നായ 18 ന് രാവിലെ നിര്‍മാല്യവും പതിവ് പൂജകളും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും.

ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. പട്ടികയില്‍ ഇടംനേടിയ ഒമ്പതുശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട്, പന്തളം കൊട്ടാരത്തില്‍നിന്ന് എത്തുന്ന കുട്ടികള്‍ നറുക്ക് എടുക്കും.തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും നടക്കും. ഒമ്പതുപേരാണ് മേല്‍ശാന്തി പട്ടികയിലുമുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ശാന്തിമാര്‍ക്ക് അടുത്ത ഒരു വര്‍ഷമാണ് കാലാവധി. ഇവര്‍ നവംബര്‍ 16ന് ഇരുമുടിക്കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് അഭിഷേകംനടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ച് ശ്രീകോവിലിലേക്ക് ആനയിക്കും. വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേല്‍ശാന്തിയായിരിക്കും. അഞ്ചുദിവസത്തെ തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 22ന് രാത്രി അടയ്ക്കും.

Top