ശബരിമല തന്ത്രിക്കെതിരായ നീക്കങ്ങൾ വിലപ്പോവില്ല, ‘കണ്ണടച്ചാൽ ഇരുട്ടാകില്ല’

വിശ്വാസം … അതാണ് ഭക്തര്‍ക്ക് എല്ലാം. ശബരിമല തന്ത്രിക്കെതിരെ ദേവസ്വം ബോര്‍ഡിനെ മുന്‍ നിര്‍ത്തി ആരുതന്നെ നടപടിക്ക് തുനിഞ്ഞാലും അത് വിശ്വാസി സമൂഹം അംഗീകരിക്കാന്‍ സാധ്യതയില്ല. ദേവസ്വം മന്ത്രിയുടേത് അടക്കമുള്ള ഭരണകൂട നിലപാട് തന്നെ വിശ്വാസ സങ്കല്‍പ്പ പ്രകാരം നിലനില്‍ക്കുന്നതുമല്ല.

കേവലം ദേവസ്വം നിയമവും മാനുവലും പ്രകാരമാണ് തന്ത്രിമാരുടെ നിയമനമെന്ന് പറയുന്ന ദേവസ്വം മന്ത്രി ശബരിമല തന്ത്രി നിയമനത്തെ മറ്റു ക്ഷേത്രങ്ങളിലേത് പോലെ സാമാന്യവല്‍ക്കരിക്കുന്നത് ശരിയല്ല.

ശബരിമലയിലെ താന്ത്രികാവകാശം താഴ്മണ്‍ മഠത്തിന് കുടുംബപരമായി കിട്ടിയതാണ്. ഇത് ക്രിസ്തു വര്‍ഷത്തിനും നൂറ് വര്‍ഷം മുന്‍പാണെന്നാണ് രേഖകള്‍. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വച്ച് നടപടി സ്വീകരിക്കാനുള്ള നീക്കം പവിത്രമായ ഈ ക്ഷേത്രത്തെ തന്നെയാണ് ബാധിക്കുക.

ഒരു വിശ്വാസ പ്രകാരമാണ് ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ എല്ലാ വര്‍ഷവും ഇവിടെ ദര്‍ശനത്തിനെത്തുന്നത്. അത് അയ്യപ്പസ്വാമിയിലുള്ള ഭക്തന്റെ വിശ്വാസമാണ്. അതുപോലെ തന്നെ തന്ത്രിയുടെ കാര്യത്തിലും ഇവിടെ നില നില്‍ക്കുന്ന വിശ്വാസമുണ്ട്. അത് മാറ്റുവാന്‍ ശ്രമിക്കുന്നത് യുക്തിപരമല്ല.

ഒരു ഭക്തന്‍ എന്ത് വിശ്വസിക്കണം, ഏത് ആചാരം പിന്തുടരണം എന്നൊക്കെ തീരുമാനിക്കുന്നത് ആ ഭക്തന്റെ വിവേചനാധികാരമാണ്. പരമ്പരാഗതമായ രീതികള്‍ പുരോഗമനത്തിന്റെ പേരില്‍ മാറ്റാന്‍ ഇത് ടെകനോളജിയല്ല. ഇന്റര്‍നെറ്റിലൂടെ പ്രാര്‍ത്ഥിക്കുന്ന കാലം നിരീശ്വരവാദികള്‍ക്ക് സ്വപ്നം കാണാം. പക്ഷേ യഥാര്‍ത്ഥ ഭക്തര്‍ക്ക് കഴിയില്ല.

കല്ലും മുള്ളും കാലിന് മെത്തയാക്കി മല ചവിട്ടി അയ്യപ്പനെ ദര്‍ശിച്ച് നിര്‍വൃതി അടയുന്നതിലാണ് അവര്‍ സംതൃപ്തി കണ്ടെത്തുന്നത്.

യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നടയടച്ച് ശുദ്ധി ക്രിയ ചെയ്തതിന് തന്ത്രി കണ്ഠരര് രാജീവരെ നീക്കാന്‍ അധികാരമുണ്ടെന്ന അധികൃതരുടെ വാദം നടപ്പാക്കുന്നത് എളുപ്പമല്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. വിശ്വാസി സമൂഹത്തിന്റെ വികാരം മാനിക്കാതെ സ്വീകരിക്കുന്ന ഒരു നടപടികളും ശബരിമലയില്‍ നടപ്പാക്കാന്‍ കഴിയില്ല.

മതവും ജാതിയും ഒന്നുമില്ലാത്ത ലോകത്തെ സ്വപ്നം കാണുന്ന കമ്യൂണിസ്റ്റുകള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രം നല്‍കുന്ന വിശ്വാസം പോലെയാണ് യഥാര്‍ത്ഥ മതവിശ്വാസികള്‍ക്ക് അവരുടെ ആചാരങ്ങളും എന്ന് ഓര്‍ക്കുക.

ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും തന്ത്രിമാരില്‍ നിഷിപ്തമാണ്. പരമ്പരാഗതമായി പിന്തുടര്‍ന്ന് വരുന്ന ഈ രീതി ഏതെങ്കിലും നടപടിയുടെ പേരില്‍ മാറ്റാന്‍ ശ്രമിച്ചാല്‍ അത് വിശ്വാസി സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. നാളെ അയ്യപ്പനു പകരം വേറെ ഒരു പ്രതിഷ്ഠവച്ച് അതിനെ പൂജിക്കണമെന്ന് പറയുന്നവരുടെ മാനസികാവസ്ഥയിലേക്ക് ഒരു ഭരണാധികാരിയും താഴരുത്.

യുവതീ പ്രവേശനം ഉണ്ടായതിനെ തുടര്‍ന്ന് അവിടെ നിലവിലെ ആചാരപ്രകാരം പരിഹാര ക്രിയ ചെയ്തത് നിലവിലെ കീഴ് വഴക്കം പാലിച്ചാണെന്നാണ് താഴ്മണ്‍ കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. ആചാരാനുഷ്ഠാനങ്ങളിലെ അന്തിമ തീരുമാനവും അത് നടപ്പാക്കാനുള്ള അധികാരവും ശാസ്ത്ര ഗ്രന്ഥങ്ങള്‍ പ്രകാരം തന്ത്രിയില്‍ നിക്ഷിപ്തമാണ്.

ശബരിമല ദര്‍ശനത്തിനു വന്ന യുവതികളുടെ ജാതിയും മതവും നോക്കിയല്ല തന്ത്രി അവിടെ പരിഹാര ക്രിയ ചെയ്തതും നടയടച്ചിട്ടതും. മറിച്ച് നിലവിലെ രീതി പ്രകാരമാണ്. ഇതിനെ അയിത്താചാരത്തിന്റെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഇക്കാര്യത്തില്‍ തന്ത്രിയോട് വിശദീകരണം ചോദിച്ച ദേവസ്വം ബോര്‍ഡും മന്ത്രിയും അദ്ദേഹത്തിന്റെ മറുപടി വരും വരെ പ്രതികരിക്കാതിരിക്കുന്നതായിരുന്നു ഉചിതം.

സുപ്രീം കോടതി വിധിയാണ് ലംഘിച്ചത് എന്ന് ചൂണ്ടിക്കാട്ടി തന്ത്രിക്കെതിരെ നല്‍കിയ ഹര്‍ജി പെട്ടന്ന് പരിഹരിക്കാതെ കോടതി മാറ്റി വയ്ക്കുകയാണ് ഉണ്ടായത് എന്ന് കൂടി ഓര്‍ക്കുക. ഇനി കോടതി പറയട്ടെ എന്തു വേണമെന്ന്, അതിനു ശേഷം മാത്രം മതി സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് സ്വീകരിക്കുന്നത്.

അതല്ലാതെ ദേവസ്വം മാനുവലും ടി.എ, ഡി.എ, അലവന്‍സ് കാര്യങ്ങള്‍ ഒക്കെ പറഞ്ഞ് തന്ത്രിയെയും താഴമണ്‍ കുടുംബത്തേയും വിശ്വാസികളെയും പ്രകോപിപ്പിക്കരുത്. തന്ത്രി മന:സമാധനത്തോടെ അദ്ദേഹത്തില്‍ നിക്ഷിപ്തമായ കടമകള്‍ ശബരിമലയില്‍ നിര്‍വ്വഹിക്കട്ടെ.

മതപരമായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പ്രകാരം നിവേദ്യം, പുഷ്പ്പാര്‍ച്ചന തുടങ്ങി ക്ഷേത്രത്തെ സംബന്ധിച്ച സകല പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന് 1954ലെ, സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ഭരണഘടനയുടെ 26(ബി) അനുച്ഛേദം ക്ഷേത്രവിശ്വാസികള്‍ക്കു പൂര്‍ണ അവകാശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഭരണകൂടത്തിനു നിയമനിര്‍മാണം സാധ്യമല്ല. തന്ത്രിയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്ന ഉത്തരവുകളിറക്കാനും സര്‍ക്കാരിന് അധികാരം നല്‍കിയിട്ടില്ല.

യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ നടയടച്ചു ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടി അദ്ദേഹത്തിന്റെ അവകാശപരിധിയില്‍ ഉള്‍പ്പെടുന്നതാണ്. മതപരമായ വിശ്വാസങ്ങള്‍, അതിപുരാതന ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയില്‍ ലംഘനം സംഭവിച്ചാല്‍ നടയടച്ചു പരിഹാരക്രിയ ചെയ്യുകയെന്നതു തന്ത്രിയുടെ അധികാരമാണ്. ഇതിന്റെ പേരില്‍ നടപടിയെടുക്കാന്‍ സാധ്യമല്ല.

വളരെ പ്രധാനപ്പെട്ട മറ്റൊരുകാര്യം കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം. നമ്മുടെ നാട്ടില്‍ രാജാധികാരം അവസാനിച്ചപ്പോള്‍ നടത്തിയ ഭരണകൈമാറ്റ ഉടമ്പടി പ്രകാരം, ക്ഷേത്രാധികാരം ഒഴികെയുള്ള സകല അധികാരങ്ങളും പദവികളുമാണ് സര്‍ക്കാരിനു കൈമാറിയത്. എന്നാല്‍, ഉടമ്പടിപ്രകാരം ക്ഷേത്രാധികാരം സര്‍ക്കാരിനു കൈമാറിയിട്ടില്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും തിരിച്ചറിയണം.

Express view

Top