ശബരിമല ദര്‍ശനത്തിനായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ എത്തി

പമ്പ: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ എത്തി. നാഗര്‍കോവിലിലെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ഇരുമുടി നിറച്ചു കൊണ്ടായിരുന്നു അദ്ദേഹം യാത്ര പുറപ്പെട്ടത്.

നിലയ്ക്കലില്‍ എല്ലാ വാഹനങ്ങളും കടത്തി വിടാത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു. ശബരിമലയില്‍ അനാവശ്യ നിയന്ത്രണങ്ങളാണെന്നാണ് മന്ത്രി പറഞ്ഞത്. സ്വകാര്യ വാഹനങ്ങള്‍ തടയുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ വാഹനങ്ങള്‍ എല്ലാം കടത്തിവിട്ടാല്‍ വലിയ ഗതാഗത കുരുക്കുണ്ടാകുമെന്നാണ് എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയെ അറിയിച്ചത്. വീണ്ടും സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടണമെന്ന് മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ മന്ത്രി തന്നെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നും എസ്പി ചോദിച്ചു. ഒടുവില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ഉത്തരവായി എഴുതി നല്‍കിയാല്‍ അനുസരിക്കാമെന്നും യതീഷ് ചന്ദ്ര മന്ത്രിയെ അറിയിച്ചു.

കഴിഞ്ഞ ദിവങ്ങളിലേതിന് സമാനമായി കാര്യമായ തിരക്ക് ഇന്നും ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഭാഗിഗമായി നീക്കിയിട്ടുണ്ട്. വലിയ നടപ്പന്തലില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാമെന്ന് പൊലീസ് അറിയിട്ടിട്ടുമുണ്ട്.

Top