തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനനം നടത്തിയത് ശരിയല്ലെന്ന് ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍. പൊലീസ് ചെയ്തത് ദേവസ്വം ബോര്‍ഡിന്റെയും, മുഖ്യമന്ത്രിയുടെയും, പ്രധാനമന്ത്രിയുടെയും മുഖത്തടിക്കും പോലെയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
പൊലീസിന്റെ ഈ നാടകം ദൗര്‍ഭാഗ്യകരമാണെന്നും, യുവതികളെ സഹായിച്ചത് ശരിയല്ലെന്നും ഈ വിഷയത്തില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ വ്യക്തമാക്കി. ആചാരലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. ഇവര്‍ രഹസ്യമായി വന്നതുകൊണ്ടാണ് ഭക്തര്‍ക്കും പ്രതിഷേധക്കാര്‍ക്കും അവരെ തടയാന്‍ കഴിയാത്തതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നു. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തായത്.
ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് അറവില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറഞ്ഞത്