ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ധാര്‍ഷ്ട്യമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ധാര്‍ഷ്ട്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ മുന്നില്‍ മുട്ടുമടക്കില്ലെന്നും എംഎല്‍എമാരുടെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍വമാണ്. മൂന്ന് എംഎല്‍എമാര്‍ നിരാഹാരം നടത്തുന്നതിനാലാണ് അനിശ്ചിതമായി നീട്ടുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, വിദേശ നിര്‍മിത മദ്യം ബാറുകളില്‍ അനുവദിക്കുക വഴി സര്‍ക്കാര്‍ നടത്തിയത് വന്‍ അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു.

ഇതിനിടെ പ്രതിപക്ഷ എം എല്‍ എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി ചര്‍ച്ച നടത്തി. പ്രശ്‌നപരിഹാരത്തിന് സ്പീക്കര്‍ മുന്‍കൈയെടുക്കണമെന്ന് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സ്പീക്കര്‍ ഇടപെട്ടിട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് സ്പീക്കറുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്.

പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തുന്ന സത്യഗ്രഹം എട്ടാം ദിവസവും തുടരുകയാണ്.

തുടര്‍ സമര പരിപാടികള്‍ എന്തൊക്കെ ആകണമെന്ന് രാവിലെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും. സത്യഗ്രഹമിരിക്കുന്ന എംഎല്‍എമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യു ഡി എഫ് ഇന്ന് നിയമസഭാ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ശബരിമല പ്രശ്‌നം ഉന്നയിച്ചാണ് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹ സമരം തുടങ്ങിയത്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടാണ് എംഎല്‍എമാരുടെ സത്യഗ്രഹ പ്രതിഷേധം. വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.

Top