ശബരിമല: മണ്ഡലകാലത്തിനായി ശബരിമല നട ഇന്ന് തുറക്കും. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ മണ്ഡല മകരവിളക്ക് തീർഥാടനകാലമാണ് ഇത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നട തുറക്കും.
തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ ഇപ്പോഴത്തെ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയാണ് നട തുറക്കുക. ശബരിമലയിൽ കണ്ണൂർ മലപ്പട്ടം കിഴുത്രിൽ ഇല്ലത്ത് കെ ജയരാമൻ നമ്പൂതിരിയെയും മാളികപ്പുറത്ത് വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരിയെയും പുതിയ മേൽശാന്തിമാരായി അവരോധിക്കുന്ന ചടങ്ങുകൾ പിന്നീട് നടക്കും. തന്ത്രി കണ്ഠര് രാജീവര് കലശം പൂജിച്ച് അഭിഷേകം ചെയ്താണ് മേൽശാന്തിമാരായി അവരോധിക്കുക.
നവംബർ 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനം 20ന് അവസാനിക്കും.
കെഎസ്ആർടിസിയുടെ 500 ബസ് സർവീസ് ശബരിമലയിലേക്ക് നടത്തും. പമ്പ നിലയ്ക്കൽ റൂട്ടിൽമാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും. പമ്പയിലും സന്നിധാനത്തുമായി 18 അടിയന്തര ചികിത്സാകേന്ദ്രമാണ് (ഇഎംസി) സജ്ജീകരിക്കുന്നത്. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലായി 2445 ശുചിമുറി ഒരുക്കിയിട്ടുണ്ട്.