പത്തനംത്തിട്ട : മകരജ്യോതി കാണാന്‍ ഒരുങ്ങി ശബരിമല തീര്‍ഥാടകര്‍. പാണ്ടിത്താവളത്തും പരിസരങ്ങളിലും പര്‍ണശാലകള്‍ ഉയര്‍ന്നു. പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പിഴവില്ലാത്ത ഏകോപനവുമായി ഭക്തലക്ഷങ്ങള്‍ക്ക് സുഖദര്‍ശനമൊരുക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ശബരിമല.
ജ്യോതി ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കുന്നത്. മകരജ്യോതി ദര്‍ശനത്തിനായി പത്ത് വ്യൂ പോയിന്റുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പാണ്ടിത്താവളം, വാട്ടര്‍ ടാങ്കിന് മുന്‍വശം, മരാമത്ത് കോംപ്ലക്‌സിന് മുന്‍വശത്തെ തട്ടുകള്‍, ബി എസ് എന്‍ എല്‍ ഓഫീസിന് വടക്ക് ഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം-മുകള്‍ ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിനു മുന്‍വശം, ഇന്‍സിനറേറ്ററിനു മുന്‍വശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകള്‍. ഇവിടങ്ങളില്‍ തമ്പടിക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഈ പ്രദേശങ്ങളില്‍ ആവശ്യമായ പ്രകാശ ക്രമീകരണം ഏര്‍പ്പെടുത്തും. ജനുവരി 14, 15 തീയതികളില്‍ ഭക്തര്‍ക്കായി സൗജന്യഭക്ഷണ വിതരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിവായി നടത്തുന്ന അന്നദാനത്തിനു പുറമേയാണിത്. ചുക്ക് വെള്ള വിതരണത്തിനായി 66 പോയിന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ബിസ്‌കറ്റ് പാക്കറ്റുകളും ശേഖരിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികളും ഒരുക്കിയിട്ടുണ്ട്.