ശബരിമല പരാമര്‍ശം; സുകുമാരന്‍ നായര്‍ക്കും ചെന്നിത്തലക്കുമെതിരെ പരാതി

പാലക്കാട്: ശബരിമല പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി മന്ത്രി എ.കെ ബാലന്‍. തിരഞ്ഞെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടാമാണെന്ന് യുഡിഎഫ് നേതാക്കളും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും പരാമര്‍ശം നടത്തിയത്.

ഇത് അത്യന്തം ഗുരുതരമായ ആരോപണമാണ്. വിശ്വാസികളേയും വിശ്വാസത്തേയും സംരക്ഷിക്കുന്നതിന് ഏതറ്റം വരേയും പോകുന്ന ഇടതുപക്ഷത്തിനേയും അതിന്റെ സ്ഥാനാര്‍ഥികളേയും തോല്‍പ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് നടന്നത്. ഇത് ഭരണഘടനാ വിരുദ്ധവും ജനപ്രാതിനിധ്യ നിയമത്തിനും വിരുദ്ധമാണെന്ന് എ.കെ.ബാലന്‍ പറഞ്ഞു.

വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമായി മാറ്റാന്‍ ജി.സുകുമാരന്‍ നായാരാണ് ആദ്യം ശ്രമിച്ചത്. തൊട്ടടുത്ത നിമിഷത്തില്‍ പ്രതിപക്ഷ നേതാവ് പോളിങ് ബൂത്തില്‍ വച്ച് മുഖ്യമന്ത്രിക്ക് അയ്യപ്പ കോപമുണ്ടാകുമെന്നും അവിശ്വാസിയായ മുഖ്യമന്ത്രിയോട് ദൈവവിശ്വാസികള്‍ പകരം വീട്ടുമെന്നും പറഞ്ഞു. ദൈവത്തിന്റേയും ആചാരത്തിന്റേയും പേരില്‍ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത ദുരുപയോഗമാണ് യുഡിഎഫും ബിജെപിയും ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു.

 

Top