ശബരിമല: അയ്യപ്പ ഭക്തര്‍ക്ക് സന്നിധാനത്ത് എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ്. രാത്രി പത്ത് മണിയോടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സന്നിധാനത്തെ ഉച്ചഭാഷിണിയിലൂടെ അറിയിച്ചത്.
ഭക്തര്‍ക്ക് സന്നിധാനത്ത് തങ്ങാനും വിരിവയ്ക്കാനും ഒരു നിയന്ത്രണവും ഇല്ലെന്നും അറിയിപ്പില്‍ പറയുന്നു. സ്ത്രീകളും കുട്ടികളുമുള്ള സംഘങ്ങള്‍ക്ക് രാത്രിയിലും പകലിലും ഒരേ പോലെ നടപ്പന്തലില്‍ വിരിവയ്ക്കാം. മലയാളത്തില്‍ കൂടാതെ വിവിധ ഭാഷകളിലായി ഇക്കാര്യങ്ങള്‍ ഉച്ചഭാഷിണിയിലൂടെ തീര്‍ഥാടകരെ അറിയിച്ചു.
ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് എത്തിയ പത്തനംതിട്ട ജില്ലാ കളക്ടര്‍ നൂര്‍ മുഹമ്മദ് ദേവസ്വം ബോര്‍ഡ്-പൊലീസ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സന്നിധാനത്ത് വിരിവയ്ക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നത്.