വരുമാനത്തില്‍ ഇടിവ് ; ശബരിമലയിലെ നടവരവ് തല്ക്കാലം പരസ്യമാക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡ്

sabarimala

ശബരിമല ശബരിമലയിലെ നടവരവ് തല്ക്കാലം പരസ്യമാക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം. മണ്ഡലകാലത്തെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായതോടെ നടവരവ് പരസ്യപ്പെടുത്തിയാല്‍ അത് തീര്‍ഥാടനത്തെ ബാധിക്കുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ മണ്ഡലകാലത്തേക്കാള്‍ ആദ്യ ആഴ്ചയില്‍ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഭക്തരുടെ കുറവ് അപ്പം അരവണ വില്പനയെയും സാരമായി ബാധിച്ചു. ഇതോടെയാണ് നടവരവ് ഉള്‍പ്പടെയുള്ള വരുമാനത്തിന്റെ കണക്കുകള്‍ പുറത്തുവിടേണ്ടെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

കഴിഞ്ഞ തവണത്തേക്കാള്‍ ഏഴുകോടിയുടെ കുറവുണ്ടെന്നാണ് അനൗദ്യോഗിക ലഭിക്കുന്ന വിവരം. സന്നിധാനത്ത് നിയന്ത്രണം വന്നപ്പോള്‍ അപ്പം അരവണ കൗണ്ടറുകള്‍ പമ്പയിലും നിലയ്ക്കലിലും തുടങ്ങാന്‍ ദേവസ്വം ബോര്‍ഡ് ആലോചിച്ചിരുന്നു. എന്നാല്‍ സന്നിധാനത്ത് നിന്നു ഭക്തര്‍ക്ക് നല്‍കുന്നത് പ്രസാദമാണ്, അത് പമ്പയിലോ നിലയ്ക്കലിലോ വിതരണം അത് കച്ചവടമായി കണക്കാക്കപ്പെടും. അതിനാല്‍ തല്ക്കാലം മറ്റ് സ്ഥലങ്ങളില്‍ അപ്പം അരവണ കൗണ്ടറുകള്‍ തുറക്കേണ്ടെന്നാണ് ദേവസ്വംബോര്‍ഡ് തീരുമാനം.

ഇതിനിടെ അരവണ കണ്ടെയ്‌നര്‍ വിതരണം ചെയ്യുന്ന കരാറുകാരന്‍ പിന്മാറി. മണ്ഡലകാലത്തേക്ക് ആവശ്യമായ ടിന്‍ സ്റ്റോക്കുണ്ടെന്നും, ഭക്തരുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ ഇപ്പോള്‍ ഉത്പാദനം കുറച്ചിട്ടുണ്ടെന്നും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് പറഞ്ഞു.

നിലവില്‍ 60 ലക്ഷം ടിന്‍ അരവണയുണ്ട്. എന്നാല്‍ മണ്ഡലക്കാലം അവസാനിക്കുംവരെ കണ്ടൈനര്‍ ക്ഷാമം അരവണ വിതരണത്തെ ബാധിക്കില്ല എന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. കരാറുകാരന്‍ പിന്മാറിയതോടെ കേസ് കോടതിയിലാണ്. കേസില്‍ തീരുമാനമായാല്‍ മാത്രമേ പുതിര കരാറുകാരനെ കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന് ചെയ്യാന്‍ കഴിയൂ.

Top