ന്യൂഡല്‍ഹി : ശബരിമല വിഷയത്തില്‍ ലോക്സഭയില്‍ പ്രതിഷേധിക്കരുതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സോണിയ ഗാന്ധിശാസന നല്‍കിയെന്ന വാര്‍ത്ത തള്ളി നേതാക്കള്‍. ശബരിമല വിഷയം അവതരിപ്പിച്ചത് കറുത്ത ബാഡ്ജ് ധരിച്ചു തന്നെയായിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള എപിമാരായ കെസി വേണുഗോപാല്‍, ആന്റോ ആന്റണി,ജോസ് കെ മാണി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചത്.
ലിംഗ സമത്വത്തിന്റെ വിഷയമായതിനാല്‍ കറുത്ത ബാഡ്ജും ധരിച്ച് എംപിമാര്‍ എത്തുന്നത് ശരിയല്ലെന്നും ഈ വിഷയത്തെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തില്ലെന്നും സോണിയ ഗാന്ധി പറഞ്ഞുവെന്നായിരുന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ലോക്സഭയില്‍ കറുത്ത ബാഡ്ജ് ധരിച്ച് എത്തി പ്രതിഷേധിക്കാനായിരുന്നു കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മറ്റ് കോണ്‍ഗ്രസ് എംപിമാരോട് ആവശ്യപ്പെട്ടത്. ഇതിനായി ബുധനാഴ്ച സഭയില്‍ കറുത്ത ബാന്‍ഡുകള്‍ വിതരണം ചെയ്യുന്നത് സോണിയയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിലക്കുമായി അവര്‍ രംഗത്തെത്തിയെന്നും അവര്‍ ഉടന്‍ തന്നെ ഇടപെടുകയും ഇത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ഒപ്പമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് എംപിമാരോട് സോണിയ പറഞ്ഞു എന്നുമായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.