സര്‍ക്കാരിന്റെ താങ്ങിലും തണലിലും സംരക്ഷണത്തിലും ആരെയും മലകയറ്റില്ലെന്ന് എ കെ ബാലന്‍

ak balan

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയുടെ വിധി അതിസങ്കീര്‍ണമാണെന്ന് മന്ത്രി എ കെ ബാലന്‍. സര്‍ക്കാരിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വിധിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തില്‍ നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഒരു നിലപാട് എടുത്തിട്ടുണ്ട്. സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതുവരെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. ഏതെങ്കിലും സ്ത്രീകളെ ശബരിമല കയറ്റുന്ന പ്രശ്‌നമില്ല. സര്‍ക്കാരിന്റെ താങ്ങിലും തണലിലും സംരക്ഷണത്തിലും ആരെയും കയറ്റില്ലെന്നും എ കെ ബാലന്‍ വ്യക്തമാക്കി. ശബരിമലയിലെ യുവതി പ്രവേശന വിധി വിശാല ബഞ്ചിന് വിട്ട സുപ്രീംകോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.

കോടതി വിധി വന്നാല്‍ അത് അതേ പടി അംഗീകരിക്കും. പുനപരിശോധനാ വിധികളില്‍ തീര്‍പ്പാണോ അതോ ലിംഗ സമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുക എന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്നാണ് മനസിലാക്കുന്നത്. നേരത്തെയുള്ള വിധി അതേ രീതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു.മണ്ഡലകാലം വരാനിരിക്കെ ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top