ശബരിമല: ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. ഡിജിപിയും ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസും നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
പക്ഷേ രാത്രി സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. നെയ്യഭിഷേകത്തിനായി പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഭിഷേകം ചെയ്യേണ്ട തീര്‍ത്ഥാടകര്‍ രാത്രി 12 മണിക്ക് നിലയ്ക്കലിലെത്തണം. ഒരു മണിക്കൂറിന് ശേഷം, ഒരു മണിയ്ക്ക്, പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പൊലീസ് ഈ തീര്‍ത്ഥാടകരെ കയറ്റിവിടും. നട തുറക്കുമ്പോള്‍ ദര്‍ശനവും അഭിഷേകവും കഴിഞ്ഞ് ഇവര്‍ക്ക് പമ്പയിലേക്ക് മടങ്ങാം.
പടി പൂജയുള്ള ഭക്തര്‍ക്ക് രാത്രി സന്നിധാനത്ത് തങ്ങാം. വൈകല്യമുള്ളവര്‍ക്കും വൃദ്ധര്‍ക്കും സന്നിധാനത്ത് തങ്ങുന്ന കാര്യത്തില്‍ ഇളവ് ഉണ്ടാകും. എന്നാല്‍ മുറികള്‍ അനുവദിക്കുന്ന കാര്യത്തില്‍ പൊലീസിന് നിയന്ത്രണം തുടരാമെന്നും ചര്‍ച്ചയില്‍ ധാരണയായി.