പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം. ക്ഷേത്രം എന്നും ഭക്തന്റേതാണെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. കവനന്റില്‍ ക്ഷേത്രങ്ങളുടെ ആചാരം നടപ്പിലാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പന്തളം കൊട്ടാരവും ശബരിമല ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ലെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
തന്ത്രിയും പൂജാരിയുമെല്ലാം ക്ഷേത്രത്തിന്റെ അഭിഭാജ്യ ഘടകമാണെന്നും ക്ഷേത്രത്തിലെ ആചാരങ്ങള്‍ നടപ്പിലാക്കാത്തത് കൊണ്ടാണ് കൊട്ടരത്തിന് ഇടപെടേണ്ടി വന്നതെന്നും ദേവസ്വം ബോര്‍ഡിനോട് പണം ചോദിച്ചിട്ടില്ലെന്നും അവകാശം മാത്രമാണ് ചോദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങിയിരുന്നു. റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്നാണ് നിയമോപദേശമെന്ന് ബോര്‍ഡ് അംഗം അറിയിച്ചു.
വിധി നടപ്പാക്കാനുള്ള ബാധ്യത ദേവസ്വം ബോര്‍ഡിനുണ്ടെന്നും തന്ത്രിയെ മാറ്റാനുള്ള അവകാശമില്ലെങ്കില്‍ മോഹനരെ എങ്ങനെ മാറ്റിയെന്നും കെ.പി.ശങ്കരദാസ് ചോദിച്ചിരുന്നു. ചട്ടം ലംഘിച്ചവര്‍ക്കെതിരെ നടപടി വേണമോ എന്ന് പരിശോധിച്ച് തീരുമാനിക്കുമെന്നും ശങ്കരദാസ് വ്യക്തമാക്കിയിരുന്നു.