ശബരിമല വിഷയം : സമരത്തിന്റെ തീവ്രത കുറയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി ശ്രീധരന്‍പിള്ള

sreedharanpilla

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സമരത്തിന്റെ തീവ്രത ബിജെപി കുറയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. വിഷയത്തില്‍ 41 ഹിന്ദു സംഘടനകള്‍ ഒന്നായിട്ടാണ് പ്രക്ഷോഭം നടത്തിയത്. ബിജെപി ഇവരുടെ സമരത്തിന് പിന്തുണ നല്‍കുകയായിരുന്നുവെന്നും സമരം നിര്‍ത്തണമോ എന്ന കാര്യം സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് നിലയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് യുവമോര്‍ച്ച നിശ്ചയിച്ചിരുന്ന മാര്‍ച്ച് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടൊന്നും സംസ്ഥാന അധ്യക്ഷന്‍ കാര്യമായി പ്രതികരിച്ചില്ല.

ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കെ.സുരേന്ദ്രനെ പോലെയുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കുന്നത്. സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നിലപാടുകള്‍ക്ക് മുന്നില്‍ മുട്ട് മടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന സമരങ്ങള്‍ക്ക് സ്വീകര്യതയുണ്ടെന്നതിന് തെളിവാണ് പി.സി.ജോര്‍ജ് അടക്കമുള്ളവരുടെ കടന്നുവരവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സുരേന്ദ്രന്റെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണം. അദ്ദേഹത്തെ പെട്ടെന്ന് തന്നെ പുറത്തിറക്കണം. ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് ബിജെപി പിന്‍മാറുന്നുവെന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Top