പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍.
ദേവസ്വംബോര്‍ഡ് പ്രസിഡന്റ് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും വിധി അംഗീകരിക്കുന്നുവെന്നും മാത്രമാണ് സുപ്രീംകോടതിയില്‍ പറഞ്ഞതെന്നും ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറഞ്ഞു.
ശബരിമല വിഷയത്തില്‍ സാവകാശ ഹര്‍ജിയുമായി ബന്ധപ്പെട്ടായിരുന്നു ബോര്‍ഡ് വാദിക്കേണ്ടിയിരുന്നതെന്നും ഇതില്‍ എന്തു സംഭവിച്ചു എന്നറിയില്ലെന്നും ദേവസ്വം കമ്മീഷണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ്
എ. പത്മകുമാര്‍ പറഞ്ഞിരുന്നു.
ഇന്നലെ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ശബരിമല കേസിലെ സാവകാശ ഹര്‍ജിയെ കുറിച്ച് പറയാത്തതിലും ദേവസ്വം പ്രസിഡന്റ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നില്‍ ദേവസ്വം കമ്മീഷണറുടെ ഇടപെടലാണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ വാദം പൂര്‍ത്തിയായെങ്കിലും കേസ് വിധി പറയാന്‍ മാറ്റി. മൂന്നരമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശേഷിക്കുന്ന ഹര്‍ജിക്കാര്‍ക്ക് അവരുടെ വാദമുഖങ്ങള്‍ ഏഴുദിവസത്തിനകം സമര്‍പ്പിക്കാന്‍ കോടതി അഭിഭാഷകര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്.