ആര്‍ത്തവകാലത്തും സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം; അനുമതി നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ആര്‍ത്തവകാലത്ത് ഏത് ക്ഷേത്രത്തിലും പ്രവേശിക്കുവാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കി സുപ്രീംകോടതി വിധി. ആര്‍ത്തവകാലത്ത് ക്ഷേത്രപ്രവേശനം വിലക്കുന്ന ചട്ടം 3 (ബി) സുപ്രീംകോടതി റദ്ദാക്കി.

ശാരീരിക കാരണത്താല്‍ സ്ത്രീകളോട് ഒരു വിവേചനവും പാടില്ലെന്നും ദൈവവുമായുള്ള ബന്ധം വിലയിരുത്തുവാന്‍ ജൈവീക കാരണം നിരത്തരുതെന്നും കോടതി വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശന അനുമതിയും സുപ്രീംകോടതി നല്‍കി. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്.

ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ലെന്നും വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്നും മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിലാണെന്നും ശാരീരിക അവസ്ഥയുടെ പേരില്‍ വിവേചനം പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആര്‍ത്തവസമയത്തും സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുമെന്ന് ദേവസ്വംബോര്‍ഡും അറിയിച്ചു.

Top