പൊലീസ് നീക്കം ചെറുക്കാൻ പ്രതിരോധ തന്ത്രങ്ങളുമായി സംഘപരിവാർ രംഗത്ത്

പത്തനംതിട്ട: സര്‍വ്വ സന്നാഹമൊരുക്കി ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്.

മണ്ഡലകാലത്തോടനുബന്ധിച്ച് വീണ്ടും നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സുപ്രീം കോടതി നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദ്ദേശം നല്‍കിയില്ലെങ്കില്‍ പ്രതിഷേധ പരിപാടികളില്‍ മാറ്റം വരുത്താനാണ് ആലോചന.

അയ്യായിരം അല്ല പതിനായിരം പൊലീസിനെ കൂടുതലായി ശബരിമലയില്‍ നിയോഗിച്ചാലും ലക്ഷക്കണക്കിന് അയ്യപ്പന്‍മാരുടെ പ്രതിഷേധത്തെ തടയാന്‍ കഴിയില്ലെന്നാണ് ആര്‍.എസ്.എസ് നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നത്.

സംഘപരിവാറിന്റെ എല്ലാ ഘടകങ്ങള്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കി ഓരോ ദിവസവും മല കയറേണ്ട ക്വാട്ട നല്‍കാനാണ് തീരുമാനം. മാലയിട്ട് വിശ്വാസികളായി തന്നെ അയ്യപ്പനെ കാണാനും ആചാരങ്ങള്‍ സംരക്ഷിക്കാനും എത്താനാണ് ആഹ്വാനം.

മണ്ഡലകാലം കഴിയും വരെ ജാഗ്രത പാലിക്കേണ്ടതുള്ളത് കൊണ്ട് കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പരിവാര്‍ സംഘടനകള്‍ക്കും ഇതു സംബന്ധമായ നിര്‍ദ്ദേശം നല്‍കാന്‍ നാഗപൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തോട് കേരള ഘടകം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വിശ്വാസികള്‍ക്ക് നേരെ നിലയ്ക്കലില്‍ നടന്ന രൂപത്തിലുള്ള പൊലീസ് നടപടി ഒരിക്കലും ലക്ഷങ്ങള്‍ വരുന്ന സന്നിധാനത്ത് സീസണില്‍ സാധ്യമല്ലന്നത് ആര്‍.എസ്.എസിനെ സംബന്ധിച്ച് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. ഏത് തരത്തിലുള്ള പൊലീസ് നടപടിയെയും സംഘടിതമായി ചെറുക്കാന്‍ തന്നെയാണ് തീരുമാനം.

പ്രത്യേക ക്യു സ്ഥാപിച്ച് നിയന്ത്രിച്ച് ശബരിമലയില്‍ നിയന്ത്രണം കൊണ്ടു വന്നാലും വിശ്വാസികളില്‍ മഹാ ഭൂരിപക്ഷവും യുവതീ പ്രവേശനത്തിന് എതിരായതിനാല്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ കൂട്ടത്തില്‍ ഉണ്ടായാല്‍ പോലും മൊത്തം വികാരം എതിരാക്കി പ്രതിഷേധമുയര്‍ത്തി തടയാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

Lord-Ayyappa-Devotees-Protest-Against-SC-Verdict-on-Sabarimala-1

ലക്ഷങ്ങള്‍ വരുന്ന ശബരിമലയില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം ആദ്യ ദിവസം തന്നെ പരാജയപ്പെടുത്താനും സംഘപരിവാര്‍ സംഘടനകള്‍ ലക്ഷ്യമിടുന്നുണ്ട്.

വിശ്വാസികള്‍ എന്ന രൂപത്തിലും ദേവസ്വം ജോലിക്കാര്‍ എന്ന വ്യാജേനയും സി.പി.എം പ്രവര്‍ത്തകരെ സംഘടിതമായി എത്തിച്ച് കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്ന് കാവിപ്പട മുന്നറിയിപ്പ് നല്‍കി.

സംഘപരിവാറിന് പുറത്തുള്ള ഹൈന്ദവ സംഘടനകളെയടക്കം യോജിപ്പിച്ച് കൂട്ടായ ഒരു മുന്നേറ്റം ശബരിമലയില്‍ ഉണ്ടാകണമെന്നതാണ് ആര്‍.എസ്.എസ് നേതൃത്വം ആഗ്രഹിക്കുന്നത്.

സംസ്ഥാനത്തെ ഹൈന്ദവ മനസ്സ് ഇപ്പോള്‍ ബി.ജെ.പിക്ക് അനുകുലമാണെന്നും വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ വലിയ വില ഇടതുപക്ഷം നല്‍കേണ്ടി വരുമെന്നുമാണ് നേതൃത്വം തുറന്നടിക്കുന്നത്.

സംസ്ഥാന വ്യാപകമായി ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാന്‍ നടത്തിയ നാമജപയാത്രയില്‍ ലക്ഷങ്ങള്‍ അണിനിരന്നതില്‍ ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വവും വലിയ സന്തോഷത്തിലാണ്.

സി.പി.എമ്മിനോട് കിടപിടിക്കാവുന്ന ശക്തമായ സംഘടനാ സംവിധാനം കേരളത്തില്‍ ഉണ്ടെങ്കിലും പൊതു സമൂഹത്തില്‍ പ്രത്യേകിച്ച് ഭൂരിപക്ഷ ഹിന്ദു വിഭാഗത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല.

നാമജപയാത്രയോടെ ഈ പരമ്പരാഗത രീതി പൊളിച്ചടുക്കി കമ്യൂണിസ്റ്റ് കുടുംബങ്ങളില്‍ പോലും കടന്നുകയറാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടമായാണ് ആര്‍.എസ്.എസ് നേതൃത്വം കാണുന്നത്.

കേരളത്തിലെ ഇടത്‌-വലത് മുന്നണി ഭരണം അവസാനിപ്പിച്ച് തിരുത്തല്‍ ശക്തിയായി വെല്ലുവിളി ഉയര്‍ത്താന്‍ ശബരിമല വിഷയം പരമാവധി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് തീരുമാനം.

ന്യൂനപക്ഷ വിഭാഗങ്ങള്‍ പോലും ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടു സ്വീകരിച്ചതും പോസറ്റീവായാണ് ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വങ്ങള്‍ കാണുന്നത്.

sabarimala-759

മണ്ഡല-മകര വിളക്ക് സീസണില്‍ ശബരിമലയില്‍ സുരക്ഷക്കായി അയ്യായിരം പൊലീസുകാരെ ചുമതലപെടുത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് അറിയിച്ചിരുന്നത്. അടിയന്തിരഘട്ടങ്ങള്‍ നേരിടുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ കേന്ദ്രം ലഭ്യമാക്കുന്ന റാപിഡ് ആക്ഷന്‍ ഫോഴ്‌സിനേയും എന്‍.ഡി.ആര്‍.എഫിനേയും നിയോഗിക്കാനും തീരുമാനിച്ചിരുന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സാമൂഹ്യവിരുദ്ധരെ തിരിച്ചറിയുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും കൂടുതല്‍ പൊലീസിനെ നല്‍കണമെന്ന് മറ്റു സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിക്കുമെന്നും ഡിജിപി അറിയിച്ചു. സന്നിധാനത്തും പരിസരങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍

Top