ശബരിമല സജ്ജം; ആരോഗ്യവകുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിനുള്ള ആരോഗ്യവകുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പമ്പയിലും സന്നിധാനത്തും ആശുപത്രികളും, സ്വാമി അയ്യപ്പന്‍ റോഡിലെ എമര്‍ജന്‍സി കെയര്‍ സെന്ററുകളും സജ്ജമായിക്കഴിഞ്ഞു. നിലയ്ക്കലിലും, എരുമേലിയിലും കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവര്‍ക്ക് മാത്രമാണ് ഇത്തവണ കൊവിഡ് പരിശാധന നടത്തുക. നിലയ്ക്കലില്‍ പ്രൈവറ്റ് ലാബുകളുടെ സഹരണത്തോടെ ആര്‍ടിപിസിആര്‍, ആര്‍ ടി ലാബ് പരിശോധന നടത്തും. മൂന്ന് മണിക്കൂറില്‍ ആര്‍ ടി ലാബ് ഫലവും നാല് മണിക്കൂറില്‍ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലവും ലഭിക്കും. പോസിറ്റീവാകുന്ന ഭക്തരെ പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടി സിയിലേക്ക് മാറ്റും.

എരുമേലിയിലും കൊവിഡ് പരിശോധന കേന്ദ്രമുണ്ട്. മലകയറുന്ന ഭക്തര്‍ക്കായി സ്വാമി അയ്യപ്പന്‍ റോഡില്‍ അഞ്ച് എമര്‍ജന്‍സി സെന്ററുകളില്‍ ഓക്‌സിജന്‍ പാര്‍ലറുകളും തയാറായി കഴിഞ്ഞു. ഇവിടെ ഇരുപത്തിനാല് മണിക്കൂറും പരിശീലനം ലഭിച്ച സ്റ്റാഫ് നേഴ്‌സിന്റെ സേവനവുമുണ്ടാകും.

മാത്രമല്ല, പമ്പയിലെയും സന്നിധാനത്തെയും ആശുപത്രികളില്‍ ഹൃദ്രോഗവിദഗ്ധരെയും നിയമിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെ ഐസിയു സൗകര്യവും തയാറായി കഴിഞ്ഞു.

Top