നടയടച്ചു ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണം: പി.കെ സജീവ്

പത്തനംതിട്ട: നടയടച്ചു ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് മലയരയ സമാജം നേതാവ് പി.കെ സജീവ്. മലയരയ വിഭാഗത്തെ അവകാശങ്ങളില്‍ നിന്ന് അടിച്ചോടിച്ചവര്‍ തന്നെയാണ് ഇന്നിവിടെ ശുദ്ധിക്രിയ നടത്തുന്നത്. മലകയറിയ സ്ത്രീകളില്‍ ഒരാള്‍ ദളിതു കൂടിയാണെന്നും അതിനാല്‍ പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് അയിത്താചരണ ഭാഗമായുള്ള കാര്യങ്ങളാണ്. സ്ത്രീകള്‍ അശുദ്ധരാണെന്ന് ഏത് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. സ്ത്രീകളെ അശുദ്ധരായി പ്രഖ്യാപിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല ദര്‍ശനം നടത്തിയ കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു ഹരിഹരന്‍ (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ദര്‍ശനത്തിനു ശേഷം മലയിറങ്ങിയ ഇരുവരേയും പമ്പയില്‍നിന്ന് പത്തനംതിട്ടയിലേക്കും ഇവിടെനിന്നും രഹസ്യകേന്ദ്രത്തിലേക്കുമാണ് മാറ്റിയത്.

പത്തനംതിട്ടയില്‍നിന്നും അങ്കമാലിയിലെത്തിച്ച യുവതികള്‍ക്ക് വസ്ത്രംമാറാനും മറ്റും സൗകര്യം ഒരുക്കിയ ശേഷമാണ് പൊലീസ് കൊണ്ടുപോയത്. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് അറിയിച്ചിട്ടില്ല.

യുവതികള്‍ മലകയറിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ ഇവരുടെ വീടുകള്‍ക്കും പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.

Top