പത്തനംതിട്ട : മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ശ്രീകോവില്‍ വലംവെച്ച് എത്തുന്ന തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റിയും മണിയടിച്ച് നടതുറക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് തുടക്കമാകും. ഇരുവരും ചേര്‍ന്ന് ശ്രീകോവിലിലെ നെയ് വിളക്കുകള്‍ തെളിയിച്ച് ഭസ്മത്താല്‍ അഭിഷേകം ചെയ്ത യോഗനിദ്രയില്‍ ഉള്ള അയ്യപ്പനെ ഭക്തജന സാന്നിധ്യം അറിയിക്കും.ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല.
നാളെ പുലര്‍ച്ചെ അഞ്ചിന് നട തുറക്കുന്നതോടെ പതിവ് പൂജകള്‍ ആരംഭിക്കും. അപ്പോള്‍ മുതല്‍ തീര്‍ത്ഥാടകര്‍ക്ക് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്താം. ജനുവരി 14നാണ് മകരവിളക്ക്. 19 വരെയാണ് ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ ആവുക. ദര്‍ശനത്തിനെത്തുന്നവര്‍ ആര്‍ടിപിസിആര്‍, ആര്‍ടി ലാമ്പ്, എക്‌സ്പ്രസ് നാറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു പരിശോധന നടത്തി 48 മണിക്കൂറിനകമുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 5000 പേര്‍ക്ക് വീതം പ്രതിദിനം ദര്‍ശനം ആകാമെന്നാണ് ഹൈക്കോടതി ഉത്തരവ്.