ആചാരസംരക്ഷണം;യുഡിഎഫ് വിശദീകരണം സ്വാഗതം ചെയ്യുന്നുവെന്ന് എന്‍എസ്എസ്

ചങ്ങനാശ്ശേരി: ആചാരസംരക്ഷണത്തിനായി എന്തു ചെയ്തു എന്ന മുന്നണികളോടുള്ള ചോദ്യത്തിന് യുഡിഎഫ് നല്‍കിയ വിശദീകരണം സ്വാഗതം ചെയ്യുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിശ്വാസ സംരക്ഷണത്തിനായി എടുത്ത നടപടികളെക്കുറിച്ച് യുഡിഎഫ് നല്‍കിയ വിശദീകരണത്തില്‍ സന്തോഷമുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

ആചാര സംരക്ഷണത്തിനായി പി.വിന്‍സന്റ് എംഎല്‍എ രണ്ട് തവണ കേരള നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ലെന്നും വിശ്വാസ സംരക്ഷണത്തിനായി എന്‍.കെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ബില്ലിന് പാര്‍ലമെന്റിലും അവതരണാനുമതി ലഭിച്ചില്ലെന്നും നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

വിശ്വാസ സംരക്ഷണത്തിനായി മുന്നണികള്‍ ഒന്നും ചെയ്തില്ലെന്ന എന്‍എസ്എസ് വിമര്‍ശനത്തിന് മറുപടിയായാണ് ചെന്നിത്തല യുഡിഎഫ് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിയത്. ഈ വിശദീകരണമാണ് എന്‍എസ്എസ് ഇപ്പോള്‍ അംഗീകരിക്കുന്നതായി പറയുന്നത്. വിശ്വാസ സംരക്ഷണത്തില്‍ എന്‍എസ്എസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

 

Top