മീനമാസ പൂജകള്‍ക്കും ആറാട്ട് ഉത്സവത്തിനുമായി സന്നിധാനത്ത് കൊടിയേറി

കൊല്ലം: മീനമാസ പൂജകള്‍ക്കും ആറാട്ട് ഉത്സവത്തിനുമായി സന്നിധാനത്ത് കൊടിയേറി. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടന്നു. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 21-ന് സമാപിക്കും. ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ പുതിയ വാതില്‍ സമര്‍പ്പണവും നടക്കും. നടതുറക്കുന്നതിന്റെ ഭാഗമായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ശബരിമല ഉത്സവത്തിനുള്ള കൊടിക്കൂറയും കൊടിക്കയറും ശക്തികുളങ്ങര ധര്‍മശാസ്താക്ഷേത്രത്തില്‍നിന്ന് കുഞ്ചാച്ചമന്‍ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിച്ചിരുന്നു. അയ്യപ്പനെ ആറാട്ടിനിരുത്താനുള്ള പഴുക്കാമണ്ഡപവും ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ചു.

സമിതിഭാരവാഹികളായ ബി.രാമാനുജന്‍ പിള്ള, എസ്.സുരേഷ് കുമാര്‍, ഡി.സോമദത്തന്‍ പിള്ള, ഡി.വിജയകുമാര്‍, പാറയ്ക്കല്‍ സുഭാഷ്, വി.ഹരികുമാര്‍, എസ്.മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഘോഷയാത്ര നടന്നത്.

Top