തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ കയറ്റുക എന്ന മിനിമം പരിപാടിയല്ല നവോത്ഥാനമെന്ന് വി. എസ് അച്യുതാനന്ദന്‍. സ്ത്രീസമത്വം എന്ന നവോത്ഥാന ആശയത്തോടൊപ്പം നില്‍ക്കുന്ന സംഘടനകളെ ഒറ്റക്കെട്ടായി അണിനിരത്തുക എന്നതു കാലഘട്ടം ആവശ്യപ്പെടുന്ന സംഗതിയാണ്. പക്ഷെ, അതല്ല നവോത്ഥാനമെന്നും അതൊരു തുടര്‍ പ്രക്രിയയാണെന്നാണ് കമ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നതെന്നും വിഎസ് വ്യക്തമാക്കി. സ്ത്രീസമത്വം എന്ന പുരോഗമന ആശയത്തിനു പിന്തുണ നല്‍കേണ്ടതുണ്ടെന്നും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാലകൃഷ്ണപിള്ള അഴിമതിക്കാരന്‍ തന്നെയാണെന്നും അഭിമുഖത്തില്‍ വിഎസ് തുറന്നടിച്ചു. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള അഴിമതി നടത്തി എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ അനുവാദത്തോടെയും പിന്തുണയോടെയും താന്‍ കേസ് നടത്തുകയും വിധി സമ്പാദിക്കുകയുമാണുണ്ടായതെന്നും, രേഖകളും തെളിവുകളും വച്ചു നടത്തിയ നിയമയുദ്ധത്തിനൊടുവില്‍ സുപ്രീം കോടതി തന്റെ വാദങ്ങള്‍ അംഗീകരിച്ചു എന്നതാണു സത്യമെന്നും വിഎസ് വ്യക്തമാക്കി.
അഴിമതി നിരോധന നിയമപ്രകാരമാണ് ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ വിധിച്ചത് എന്ന് വിധിന്യായത്തിന്റെ ആദ്യ ഖണ്ഡികയില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസുകളില്‍പെട്ട രാഷ്ട്രീയ നേതാക്കള്‍ നിരവധിയുണ്ട്. ബാലകൃഷ്ണപിള്ളയെ മുന്നണിയിലെടുക്കാന്‍ തീരുമാനിച്ചതു മുന്നണി നേതൃത്വമാണ്. അല്ലാതെ അത് സിപിഎം എന്ന പാര്‍ട്ടിയുടേതല്ലെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
ശക്തിയുള്ള പാര്‍ട്ടികളുടെ കൂട്ടായ്മയല്ല, മുന്നണി. പൊതു ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാവുന്ന പാര്‍ട്ടികളുടെ കൂട്ടായ്മ എന്ന നിലയിലാണ് എല്‍ഡിഎഫ് രൂപപ്പെടുന്നത്. ബിജെപി എന്ന ദുര്‍ഭൂതത്തെ കേരളത്തിന്റെ പടിക്കുപുറത്തു നിര്‍ത്തുന്നതിനാവശ്യമായ സഖ്യങ്ങള്‍ രൂപപ്പെടുത്തുക എന്നതാണു പ്രധാനം. അതിനനുസരിച്ച്, എല്‍ഡിഎഫിന്റെ ഘടനയില്‍ കാലികമായ മാറ്റങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും വിഎസ് അഭിപ്രായപ്പെട്ടു.
പ്രത്യയശാസ്ത്ര രാഷ്ട്രീയ കാഴ്ചപ്പാടില്‍നിന്നു വേണം പാര്‍ലമെന്ററി രംഗത്തെ മുന്നണിയെ ബലപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത്. അല്ലാതെ വല്ല വിധേനയും ഭരണം കിട്ടുക, അതിനു തുടര്‍ച്ച തരപ്പെടുത്തുക എന്നിങ്ങനെയുള്ള കേവലം പാര്‍ലമെന്ററി വിജയലക്ഷ്യം മാത്രം മുന്നില്‍ക്കണ്ടു കൊണ്ടല്ല എന്ന നിഷ്‌കര്‍ഷയാണു മുന്നണിയെ ശക്തിപ്പെടുത്തുന്ന പ്രക്രിയയെന്നും അദ്ദേഹം തുറന്നടിച്ചു.
നഷ്ടങ്ങള്‍ സഹിച്ചും തത്വാധിഷ്ഠിതമായ തീക്ഷ്ണ സമരത്തിലൂടെയുമാണ് എല്‍ഡിഎഫ് മുന്നോട്ടുപോയത്. ഭരണം പിടിക്കുക എന്ന ഏക ലക്ഷ്യത്തോടെ കിട്ടാവുന്ന കക്ഷികളെയെല്ലാം കൂട്ടി തിരഞ്ഞെടുപ്പിനെ നേരിടുക എന്നതല്ല മുന്നണിയുടെ രീതി. മുസ്ലിം ലീഗുമായി യോജിക്കാവുന്ന അടവുനയമല്ല പാര്‍ട്ടിക്കുള്ളതെന്നു വ്യക്തമാക്കിയതും കരുണാകരന്റെ ഡിഐസിയുമായി ബന്ധമുണ്ടാക്കാന്‍ പാടില്ലെന്നു കേന്ദ്ര നേതൃത്വം കര്‍ശന നിലപാടെടുത്തതും, മഅദനിയുമായി സഹകരിച്ചതു തെറ്റായിപ്പോയെന്നു കേന്ദ്ര നേതൃത്വം റിവ്യു ചെയ്തതുമെല്ലാം പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇക്കാര്യം ഇന്നു പതിന്മടങ്ങ് പ്രസക്തമാണെന്നും വിഎസ് ഓര്‍മ്മിപ്പിച്ചു.
വര്‍ഗീയ കക്ഷികളുമായി ചങ്ങാത്തമുണ്ടാക്കുന്ന പ്രശ്‌നമില്ലെന്നു പലതവണ ആവര്‍ത്തിച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. ശരീയത്ത് വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടു ശരിയല്ലെന്ന വാദത്തിനു സ്ത്രീപക്ഷത്തു നിന്നുകൊണ്ടാണു പാര്‍ട്ടി മറുപടി പറഞ്ഞത്. അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരെ നിലപാടെടുക്കാന്‍ പ്രതിജ്ഞാബദ്ധമായ എല്‍ഡിഎഫില്‍ അഴിമതിക്കാരെയും വര്‍ഗീയ ശക്തികളെയും ഉള്‍പ്പെടുത്താനാവില്ലെന്നും വിഎസ് വ്യക്തമാക്കി.
ഏതെങ്കിലും ഒരു പാര്‍ട്ടി, വര്‍ഗീയമായ സ്വത്വം പിന്തുടരുകയും ആ സ്വത്വത്തെ ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെയുള്ള ആയുധമാക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതും വര്‍ഗീയ പാര്‍ട്ടി തന്നെയാണ്. ഇതാണു സിപിഎമ്മിന്റെ തീര്‍പ്പെന്ന് ഐഎന്‍എല്ലിനെക്കുറിച്ചുള്ള ചോദ്യത്തിനോട് അദ്ദേഹം പ്രതികരിച്ചു.
സിപിഎമ്മിന്റെ കഴിഞ്ഞ രണ്ട് കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നത് ആരോഗ്യകാരണങ്ങള്‍കൊണ്ടാണെന്നും എന്നിരുന്നാലും തന്റെ അഭിപ്രായങ്ങള്‍ രേഖാമൂലം കമ്മിറ്റികളെ അറിയിക്കാറുണ്ടെന്നും വി എസ് വിശദീകരിച്ചു. ഇത്തവണ എല്‍ഡിഎഫ് യോഗത്തിലും പങ്കെടുക്കാനായില്ല. അതൊന്നും പ്രതിഷേധ സൂചകമായി കണക്കാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.