ശബരിമല നിലപാടില്‍ ഇവര്‍ ഒറ്റക്കെട്ട് . . പ്രതിപക്ഷത്തിന് അവിടെയും പിഴച്ചു!

തിരുവനന്തപുരം: സി.പി.എമ്മില്‍ ശക്തമായി നിലപാടുകളുള്ള നേതാക്കളാണ് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും.

ഇവര്‍ തമ്മില്‍ പല വിഷയങ്ങളിലും നിലപാടുകളില്‍ ഭിന്നത ഉണ്ടായിട്ടുണ്ടെങ്കിലും ഒടുവില്‍ പാര്‍ട്ടി നിലപാടിനൊപ്പം നിന്ന് തീരുമാനം ഉള്‍ക്കൊള്ളുകയാണ് പതിവ്.

പ്രതിഷേധ നിലപാട് പരസ്യമായി പറയാന്‍ യാതൊരു മടിയുമില്ലാത്ത വി.എസ് ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിപക്ഷം. അങ്ങനെ വന്നാല്‍ ഭരണപക്ഷത്തെ വെട്ടിലാക്കാമെന്നായിരുന്നു പ്ലാന്‍.

എന്നാല്‍ കേരളത്തില്‍ ഏറെ വിവാദ കൊടുങ്കാറ്റും പ്രതിഷേധ സമരങ്ങളും അരങ്ങേറിയ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ ശക്തമായി പിന്തുണച്ച് വി.എസ് രംഗത്ത് വന്നതോടെ പ്രതിപക്ഷത്തിന്റെ ഈ സ്വപ്നം പൊലിയുകയായിരുന്നു.

ശബരിമല വിഷയത്തില്‍ ബിജെപി പറയുന്നത് കോണ്‍ഗ്രസ് ഏറ്റുപാടുകയാണെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തിരിക്കുകയാണ്. സംഘപരിവാറും അവര്‍ നയിക്കുന്ന കേന്ദ്രസര്‍ക്കാരും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് കേരളത്തില്‍ രാഷ്ട്രീയ അധികാരം ഉറപ്പിക്കാന്‍ നോക്കുന്നു. ശബരിമല വിഷയം ഉയര്‍ത്തി ദ്വിമുഖ ദേശദ്രോഹ സമീപനമാണ് ബിജെപിയും കോണ്‍ഗ്രസും സ്വീകരിക്കുന്നതെന്നും വി എസ് പറഞ്ഞു.

cpim22

സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതംചെയ്തവരാണ് ബിജെപിയും ആര്‍എസ്എസും. പിന്നീട് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നതുപോലെ ബിജെപി മലക്കംമറിഞ്ഞപ്പോള്‍ കോണ്‍ഗ്രസും അതേ നിലപാട് സ്വീകരിച്ചു എന്നും വിഎസ് തുറന്നടിച്ചു.

ശബരിമലയില്‍ തന്ത്രി സ്വീകരിച്ച നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയത്. ആന്ധ്രയില്‍ നിന്നും കുടിയേറിയ ബ്രാഹ്മണര്‍ മാത്രമാണ് താഴ്മണ്‍ കുടുംബമെന്നും കോന്തലയില്‍ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് തന്ത്രി ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് വടി കൊടുത്ത് അടി വാങ്ങരുത്. ചിലരുടെ കോപ്രായങ്ങള്‍ കണ്ട് ബോര്‍ഡ് പിന്നാലെ പോകരുത്. ഭക്തരെ തടഞ്ഞ ജീവനക്കാര്‍ക്കെതിരെ നടപടി വേണം. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുനഃപരിശോധനാഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ശബരിമല സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നുള്ള നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

cpim 22

സംഘപരിവാറിന്റെയും യു.ഡി.എഫിന്റെയും പ്രചരണത്തിനെതിരെ ശക്തമായ പ്രചരണം നടത്തി സി.പി.എമ്മും ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

സംഘപരിവാറിന്റെ ഗൂഢാലോചന പ്രകാരമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നും ആദ്യം വിധി സ്വാഗതം ചെയ്തവര്‍ പിന്നീട് എതിര്‍പ്പുമായി രംഗത്ത് വന്നത് ഹിഡന്‍ അജണ്ട മുന്‍ നിര്‍ത്തിയാണെന്നും സി.പി.എം ആരോപിക്കുന്നു.

എന്തുകൊണ്ടാണ് ഇത്രയും കലാപമുണ്ടാക്കുന്ന സംഘ പരിവാര്‍ സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്തതെന്ന ചോദ്യവും പാര്‍ട്ടി ഉയര്‍ത്തുന്നു.

പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍

Top