Sabarimala-V.S Sivakumar

കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന പുതിയ സത്യവാങ്മൂലം ഹിന്ദുമത വിശ്വാസത്തില്‍ അധിഷ്ഠിതമായിട്ടുള്ളതായിരിക്കുമെന്നു ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍.

വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നിലപാടാകണമെന്നില്ല ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഹൈന്ദവരുടെ താല്‍പര്യങ്ങള്‍ മാനിച്ചാവും പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുക. തിങ്കളാഴ്ച വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിനു അന്തിമ പരൂപം നല്‍കും. പിന്നീടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയ ശേഷം ഫെബ്രുവരി എട്ടിനുള്ളില്‍ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതു ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി 2006ല്‍ ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കേസില്‍ 18നു മുമ്പ് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കോടതി അനുമതി നല്‍കിയത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ തെറ്റില്ലെന്നു വ്യക്തമാക്കി വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഈ നിലപാട് മാറ്റിയുള്ള പുതിയ സത്യവാങ്മൂലമാവും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുക.

Top