ശബരിമല; സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് പന്തളം കൊട്ടാരം

തിരവനന്തപുരം: ശബരിമല യുവതി പ്രവേശന കേസ് വിശാല ബഞ്ചിന്‌ വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ. വളരെയേറെ സന്തോഷത്തോടെയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘അയ്യപ്പഭക്തന്മാരുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് അഞ്ചംഗ ബെഞ്ചില്‍ നിന്ന് വളരെ വിശാലമായ ഏഴംഗ ബെഞ്ചിലേക്ക് മാറ്റുവാന്‍ സുപ്രീംകോടതി തീരുമാനിച്ചു. 2018 സെപ്തംബര്‍ 28ന് സുപ്രീംകോടതി പ്രഖ്യാപിച്ച വിധി പുനപരിശോധിക്കണമെന്ന് തീരുമാനിച്ചതാണ് ഏറ്റവും സന്തോഷകരമായ കാര്യം. തീരുമാനം പുനപരിശോധിക്കുക എന്ന് പറഞ്ഞാല്‍ എടുത്ത തീരുമാനത്തില്‍ എന്തോ തെറ്റിപ്പോയെന്നാണ്’-ശശികുമാര്‍ വര്‍മ പറഞ്ഞത്.

ശബരിമല യുവതിപ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധി പ്രതീക്ഷ നല്‍കുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചു.

ശബരിമല വിധിക്ക് മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്താവിച്ച കോടതി, കേസ് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിങ്ക്യന്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Top