സുപ്രീംകോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് വി.എസ് സുനില്‍കുമാര്‍

തിരുവനന്തപുരം: ശബരിമല തന്ത്രിയ്‌ക്കെതിരെ മന്ത്രി വി.എസ് സുനില്‍കുമാര്‍ രംഗത്ത്. സുപ്രീംകോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്നാണ് മന്ത്രി പറഞ്ഞത്. ശുദ്ധിക്രിയ നടത്താന്‍ തന്ത്രിയ്ക്ക് എന്ത് അവകാശമെന്നും മന്ത്രി ചോദിച്ചു. യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് തന്ത്രി ശബരിമലനട അടച്ച് ശുദ്ധിക്രിയ ചെയ്തത്.

അതേസമയം, തന്ത്രി കണ്ഠര് രാജീവര് നടയടച്ചത് ദേവസ്വം ബോര്‍ഡുമായി ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു അറിയിച്ചിരുന്നു. തന്ത്രിയുടെ തീരുമാനം പ്രഥമദൃഷ്ടിയില്‍ തെറ്റും കോടതിയലക്ഷ്യവുമാണെന്നും ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം ദര്‍ശനത്തിന് പിന്നാലെ നട അടച്ച തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് നേതാക്കളും നടത്തിയത്. ദേവസ്വം ബോര്‍ഡ് തീരുമാനമെടുക്കട്ടെ എന്നാണ് സര്‍ക്കാര്‍ നയം. ആചാരപരമായ കാര്യങ്ങളില്‍ തന്ത്രിക്കാണ് ദേവസ്വം മാന്വല്‍ പ്രകാരം അധികാരം. എന്നാല്‍ ആചാരലംഘനം ഉണ്ടായാല്‍ നട അടച്ചുള്ള പരിഹാരക്രിയകകള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണമെന്നാണ് മാന്വല്‍ പറയുന്നത്.

Top