നാളെ ശബരിമല നട തുറക്കും: സന്നിധാനത്ത് അടക്കം ശബരിമലയില്‍ കനത്ത സുരക്ഷ

പത്തനംതിട്ട: ശബരിമല നട നാളെ തുറക്കാനിരിക്കെ സന്നിധാനത്ത് അടക്കം ശബരിമലയില്‍ കനത്ത സുരക്ഷ.പ്രതിഷേധം കടുപ്പിച്ച് വിവിധ ഹിന്ദുസംഘടനകള്‍ രംഗത്തുള്ള സാഹചര്യത്തില്‍ കനത്ത സുരക്ഷയൊരുക്കി വിധി നടപ്പാക്കാന്‍ പൊലീസും തീരുമാനിച്ചു. കാര്യങ്ങള്‍ കൈ വിട്ടു പോകരുത് എന്നാണ്, സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനും പൊലീസിനും നല്‍കിയ നിര്‍ദേശം.ഡിജിപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതി വിലയിരുത്തി.

സുപ്രീം കോടതി വിധി പ്രകാരം നാളെ നട തുറക്കുമ്പോള്‍ മുതല്‍ യുവതികള്‍ക്കും സന്നിധാനത്തെത്താം. എന്നാല്‍ യുവതികള്‍ എത്തിയാല്‍ പ്രതിഷേധക്കാര്‍ തടയുമോ എന്നതാണ് ആശങ്ക. നാളെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ വിശ്വാസി സംഗമം നടത്തും. ഹിന്ദു ഐക്യ വേദി അടക്കം ഉള്ള സംഘടനകളുടെ കൂട്ടായ്മ ശബരിമല കര്‍മ്മ സമിതി എരുമേലിയിലും നിലക്കലിലും നാളെ രാവിലെ മുതല്‍ ഉപവസിക്കും.

അയ്യപ്പ ധര്‍മ സേന പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ നാളെ രാവിലെ മുതല്‍ 125 മണിക്കൂര്‍ പ്രതിരോധം തീര്‍ക്കുമെന്നാണ് അറിയിച്ചത്. പമ്പയിലും നിലക്കലിലും എരുമേലിയിലും വനിതാ പൊലീസ് ഉണ്ടാകും. തുലാമാസ പൂജക്ക് യുവതികള്‍ കാര്യമായിയെത്തില്ലെന്ന് കണക്കു കൂട്ടലിലാണ് ദേവസ്വം ബോര്‍ഡ്. പക്ഷെ യുവതികള്‍ കൂട്ടത്തോടെ എത്തിയാല്‍ എന്ത് ചെയ്യുമെന്നതില്‍ ബോര്‍ഡിന് വ്യക്തത ഇല്ല.

Top