കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. 17 മുതല്‍ 20 വരെ ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ ശബരിമലയുടെ പരിശുദ്ധി നശിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് ഹര്‍ജിയിലെ ആരോപണം.
ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ അടങ്ങിയ കമ്മീഷന്‍ അന്വേഷണം നടത്തണം. ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ ക്ഷേത്രത്തിന്റെ പരിശുദ്ധി നശിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു.
ആക്ടിവിസ്റ്റുകളായ അഞ്ചു വനിതകളാണ് ശബരിമല സന്ദര്‍ശനത്തിന് എത്തിയത്. മുന്‍കാല ചരിത്രം മോശമായ ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കി. സന്ദര്‍ശനത്തിന് എത്തിയ രഹന ഫാത്തിമ എന്ന സ്ത്രീക്ക് മാവോവാദി ബന്ധമുണ്ട്. ഇവര്‍ക്കെല്ലാം സഹായം നല്‍കിയത് ആര്‍.ശ്രീജിത്ത് ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്നാണ് ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
1950ല്‍ ശബരിമലയിലുണ്ടായ തീപിടുത്തം അന്വേഷിച്ച കമ്മീഷന്‍ റിപോര്‍ട്ട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ക്ഷേത്രത്തെ തകര്‍ക്കാന്‍ തല്‍പര കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയമുണ്ട്. ശബരിമലയില്‍ കടന്നുകയറാന്‍ ശ്രമിച്ച സ്ത്രീകളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്താണെന്ന് അന്വേഷണത്തിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആലപ്പുഴയിലെ അഡ്വ. ആര്‍ രാജേന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.